മക്കളെ, പരിസ്ഥിതിപ്രശ്നം വളരെയേറെ രൂക്ഷമായിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത്. വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികളിലൂടെ നമ്മള് മണ്ണും ജലവും വായുവും മലിനമാക്കി. മരങ്ങള്‍ വെട്ടിനിരത്തിയും, മലകള്‍ ഇടിച്ചുനിരത്തിയും, മണല്‍ വാരിയും മറ്റും പ്രകൃതിയ്ക്ക് നാശം വരുത്തിക്കൊണ്ടിരിക്കുന്നു. അതിന്റെയൊക്കെ പ്രത്യാഘാതങ്ങള്‍ ഇന്നു മനുഷ്യനും മറ്റു ജീവജാലങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഹൃദയാഘാതം വരുന്നതിനുമുമ്പ് ശരീരം അതിന്റെ പല സൂചനകളും തരാറുണ്ട്. അതുപോലെ ഓരോ പ്രകൃതിദുരന്തവും പ്രകൃതിമാതാവ് മനുഷ്യനു നല്കുന്ന മുന്നറിയിപ്പാണ്. വാസ്തവത്തില്‍ ഭൂമിയിലെ സകല ജീവജാലങ്ങളും പരസ്പരം പരിപോഷിപ്പിക്കുന്ന ഒരു സങ്കല്പമാണ് സൃഷ്ടിയുടെ പിറകിലുള്ളത്. മനുഷ്യവര്‍ഗ്ഗം ആ ഉത്തരവാദിത്തം മറക്കരുത്. പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് സ്വന്തം ജീവരക്ഷയായി കരുതി, അതില്‍ ജാഗ്രത പാലിക്കണം.
മഹാഭാരതത്തിലെ ഒരു കഥ ഓര്‍ക്കുകയാണ്. ഒരു വേടന് കാട്ടില്‍വെച്ച് ഒരു മാന്‍കൂട്ടത്തെ കണ്ട് അവയുടെ നേര്‍ക്ക് വിഷം പുരട്ടിയ ഒരു അമ്പെയ്തു. ആ അമ്പ് ഉന്നംതെറ്റി പടര്‍ന്നുപന്തലിച്ചുനിന്നിരുന്ന ഒരു വൃക്ഷത്തില്‍ചെന്നു തറച്ചു. വിഷം പുരണ്ട അമ്പേറ്റ ഉടനെ ആ വൃക്ഷം ക്ഷയിച്ചു തുടങ്ങി. അതിലെ ഇലകളും കായ്കളും ഉണങ്ങി നിലത്തു വീണു തുടങ്ങി. ക്രമേണ വൃക്ഷം പൂര്‍ണ്ണമായും കരിഞ്ഞുണങ്ങി. അതോടെ അതില്‍ കൂടുകെട്ടി വസിച്ചിരുന്ന പലതരം പക്ഷികളും, അതിലെ പൊത്തുകളില്‍ കഴിഞ്ഞിരുന്ന ഇഴജന്തുക്കളും, അണ്ണാന്, എലി തുടങ്ങിയ ജീവികളും വൃക്ഷത്തെ ഉപേക്ഷിച്ചു പോയി. എന്നാല്‍ ഒരു തത്ത മാത്രം ആ മരത്തോടുള്ള കടപ്പാടും, സ്നേഹവും കാരണം അതിനെ ഉപേക്ഷിച്ചു പോകുവാന്‍ തയ്യാറായില്ല. അത് ഊണും, ഉറക്കവും വെടിഞ്ഞ് ആ മരത്തില്‍ തന്നെ ഇരുന്നു. ആ മരം വിട്ടുപോകുവാന്‍ കൂട്ടുകാര്‍ പലവട്ടം ഉപദേശിച്ചെങ്കിലും അതിനൊന്നും വഴങ്ങാതെ അത് മരത്തില്‍തന്നെ കഴിഞ്ഞു. ഈ അതിശയകരമായ വാര്‍ത്ത ത്രിലോകങ്ങളിലും പ്രചരിക്കുകയും അത് ദേവേന്ദ്രന്റെ ചെവിയിലെത്തുകയും ചെയ്തു.
തത്തയുടെ കാരുണ്യവും, കൃതജ്ഞതയും കേട്ടറിഞ്ഞ ദേവേന്ദ്രന് തത്തയെ പരീക്ഷിക്കണമെന്നു നിശ്ചയിച്ചു. അദ്ദേഹം ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തില്‍ തത്തയുടെ അടുക്കല്‍ ചെന്ന് ചോദിച്ചു, ‘അങ്ങ് എന്താണ് കരിഞ്ഞുപോയ ഈ വൃക്ഷത്തെ ഉപേക്ഷിക്കാത്തത്?’ തത്ത മറുപടി പറഞ്ഞു, ‘ദേവേന്ദ്ര! അവിടുത്തേയ്ക്ക് എന്റെ പ്രണാമങ്ങള്‍. എന്റെ തപശ്ശക്തികൊണ്ട് അങ്ങ് ദേവേന്ദ്രനാണെന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.’ അതുകേട്ട് ആശ്ചര്യഭരിതനായ ദേവേന്ദ്രന്റെ മനസ്സില്‍ തത്തയോടുള്ള ബഹുമാനം വര്‍ദ്ധിച്ചു. തത്തയ്ക്ക് ആ മരത്തിനോടുള്ള സ്നേഹത്തിനു കാരണമെന്താണന്നറിയാന്‍ ആഗ്രഹിച്ചുകൊണ്ട് ദേവേന്ദ്രന് ചോദിച്ചു, ‘വിശാലമായ ഈ വനത്തില്‍ പടര്‍ന്നു പന്തലിച്ചുനില്ക്കുന്ന എത്രയോ വൃക്ഷങ്ങളുണ്ട്. അവയില്‍ അങ്ങയ്ക്കിഷ്ടപ്പെട്ട ഏതെങ്കിലുമൊരു വൃക്ഷത്തിലേയ്ക്കു പോകാമല്ലോ.’ ദേവേന്ദ്രന്റെ ഈ വാക്കുകള്‍ കേട്ട് തത്ത പറഞ്ഞു, ‘ഞാന്‍ ജനിച്ചുവീണത് ഈ മരത്തിലാണ്. ഈ മരത്തില്‍ വസിച്ചുകൊണ്ടാണ് എല്ലാ ഗുണങ്ങളും, കഴിവുകളും ഞാന്‍ നേടിയതും. എന്റെ ചെറുപ്പത്തില്‍ ശത്രുക്കളുടെ ആക്രമണത്തില്‍നിന്ന് ഞാന്‍ രക്ഷ നേടിയതും ഈ മരത്തിനെ ആശ്രയിച്ചാണ്.
സജ്ജനങ്ങളുടെ ഗുണങ്ങളില്‍ ഏറ്റവും പ്രധാനം നന്ദിയും കാരുണ്യവുമാണ്. അങ്ങ് എന്തിനാണ്് ആ സദ്ഗുണങ്ങളെ ഉപേക്ഷിക്കാന്‍ എന്നോടാവശ്യപ്പെടുന്നത്? ഇത്രയും നാള് എന്നെ സംരക്ഷിക്കുകയും, പരിപാലിക്കുകയും ചെയ്ത ഈ വൃക്ഷത്തെ ഞാന്‍ എങ്ങനെയാണ് ഉപേക്ഷിക്കുക?’ അതുകേട്ട് ദേവേന്ദ്രന് പറഞ്ഞു, ‘അങ്ങയുടെ ഈ സ്നേഹവും കൃതജ്ഞതയും എന്നെ പ്രസന്നനാക്കിയിരിക്കുന്നു. അങ്ങ് ഒരു വരം ചോദിച്ചാലും.’ അപ്പോള്‍ തത്ത ദേവേന്ദ്രനോട് ആ മരത്തെ പഴയതുപോലെ ആക്കുവാനായി അപേക്ഷിച്ചു. ദേവേന്ദ്രന് സന്തുഷ്ടനായി ആ വൃക്ഷത്തിന്മേല് അമൃത് വര്‍ഷിച്ചു. ക്ഷണനേരത്തിനുള്ളില്‍ വൃക്ഷം വീണ്ടും തളിര്‍ത്ത് പഴയതുപോലെ ഇടതൂര്‍ന്ന ഇലകളാലും, കായ്കളാലും നിറയുകയും ചെയ്തു. അതുകണ്ട് ആ മരത്തെ ഉപേക്ഷിച്ചുപോയ പക്ഷികളും, കീടങ്ങളും, ഇഴജന്തുക്കളും സസന്തോഷം വൃക്ഷത്തിലേയ്ക്കു തിരിച്ചുവന്നു.
ഈ കഥയിലെ പക്ഷിയ്ക്ക് വൃക്ഷത്തോടുണ്ടായിരുന്ന ബന്ധവും നന്ദിയും നമുക്ക് പ്രകൃതിയോടുണ്ടായാല്‍ പ്രകൃതിസംരക്ഷണം അനായാസമാകും. ‘ഈശാവാസ്യമിദം സര്‍വം,’ സര്‍വതിലും ഈശ്വരചൈതന്യം നിറഞ്ഞിരിക്കുന്നുവെന്നാണു നമ്മുടെ ശാസ്ത്രങ്ങള്‍ പറയുന്നതു്. അപ്പോള്‍ പ്രകൃതിസംരക്ഷണം എന്നതു് ഈശ്വരാരാധന തന്നെയാണ്. എല്ലാറ്റിലും ഈശ്വരനെക്കണ്ടു പൂജിക്കാനാണു നമ്മുടെ സംസ്കാരം പഠിപ്പിക്കുന്നതു്. പാമ്പിനെപ്പോലും ആരാധിക്കുന്ന സംസ്കാരമാണ് ഭാരതത്തിന്റേത്. നമ്മളാരും അറിഞ്ഞുകൊണ്ടു സ്വന്തം കൈയോ കാലോ വെട്ടിമുറിക്കാറില്ല. അതുപോലെ സകല ചരാചരങ്ങളിലും ഒരേ ജീവചൈതന്യമാണെന്നു കാണുമ്പോള്‍ മറ്റുള്ളവരുടെ വേദനയും സ്വന്തം വേദനയായിത്തോന്നും. അവയെ രക്ഷിക്കുവാനുള്ള മനസ്സും വരും.
ഈ ഒരു സംസ്കാരം പുതിയ തലമുറയ്ക്കു പകര്‍ന്നു നല്കാന് നമുക്കു കഴിയണം. അതിനുള്ള പാഠങ്ങള്‍ പാഠ്യപദ്ധതിയില്‍ ചേര്‍ക്കുകയും കലാലയങ്ങളില്‍ അത്തരം പരിശീലനം നല്‍കുകയും ചെയ്യണം. അങ്ങനെ എല്ലാവരും ഒരുമിച്ചു പ്രയത്നിച്ച് പ്രകൃതിസംരക്ഷണം സാദ്ധ്യമാക്കാന്‍ നമുക്കു കഴിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: