തിരുവനന്തപുരം : എല്‍ദോ എബ്രഹാം എംഎല്‍എയ്‌ക്കും സിപിഐ നേതാക്കള്‍ക്കുമെതിരെ ലാത്തിച്ചാര്‍ജ് നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഡിജിപി. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസുകാരുടെ പിഴവുകള്‍ എടുത്തുപറയാത്ത സാഹചര്യത്തിലാണ് നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും ഡിജിപി അറിയിച്ചു. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിയേയും അറിയിച്ചിട്ടുണ്ട്.
വൈപ്പിന്‍ കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഞാറയ്‌ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് ലാത്തിചാര്‍ജ് ഉണ്ടായത്. പി. രാജു, എല്‍ദോ എബ്രഹാം എംഎല്‍എ തുടങ്ങിവര്‍ക്ക് പോലീസിന്റെ മര്‍ദ്ദനം ഏറ്റിരുന്നു. പോലീസുകാര്‍ക്കെതിരെ കര്‍ശ്ശനമായ നടപടികള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പാര്‍ട്ടി നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം മന്ത്രിസഭാ യോഗത്തിലും ഉന്നയിച്ചിരുന്നു. കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ ജി., എസ്‌ഐ വിപിന്‍ ദാസ് എന്നിവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി ആവശ്യപ്പെട്ടിരുന്നത്.
തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം ജില്ലാ കളക്ടര്‍ അന്വേഷണം നടത്തിയെങ്കിലും അതില്‍ പോലീസുകാരുടെ പിഴവുകള്‍ എടുത്ത് പ്രതിപാദിച്ചിട്ടില്ല. മാര്‍ച്ചിനു നേരെ പതിനെട്ട് സെക്കന്‍ഡ് മാത്രമാണ് പോലീസ് നടപടി സ്വീകരിച്ചതെന്നാണ് ജി്‌ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൂടാതെ കാര്യമായ ബലപ്രയോഗം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഡിജിപിയോടും സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്മേലുള്ള അഭിപ്രായത്തിലാണ് നടപടിയില്ലെന്ന് ഡിജിപി അറിയിച്ചത്.
















