ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ നിലപാട് എടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയോട് മഠം വിട്ടിറങ്ങാന്‍ നിര്‍ദ്ദേശം. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹമാണ് (എഫ്‌സിസി) മഠം വിട്ടിറങ്ങാന്‍ കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മകളെ മഠത്തില്‍ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസിയുടെ അമ്മയ്‌ക്ക് സഭ കത്തയച്ചു. അവര്‍ക്കിനി സഭയില്‍ യാതൊരു വിധത്തിലുള്ള അവകാശവും നല്‍കില്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ ലൈംഗിക പീഡന കേസില്‍ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയതിന്റെ പേരിലാണ് ഈ പുറത്താക്കല്‍. മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു. നടപടികളുടെ ഭാഗമായി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് സിസ്റ്റര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭ അറിയിച്ചത്. നിരവധി തവണ താക്കീത് നല്‍കിയിട്ടും അവര്‍ അത് അവഗണിച്ചതാണ് പുറത്താക്കുന്നതിന് കാരണമെന്നും സഭ കൂട്ടിച്ചേര്‍ത്തു.
കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലൂസി കളപ്പുര ലംഘിച്ചതായി കാണിച്ച് കത്തോലിക്ക സഭ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാര്‍ വാങ്ങി, ശമ്പളം മഠത്തിലേക്ക് നല്‍കിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യ ചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് സിസ്റ്റര്‍ക്കെതിരെ സഭ ഉയര്‍ത്തിയിരിക്കുന്നത്.
അതേസമയം മഠത്തില്‍ നിന്ന് തന്നെ ഇറക്കിവിടാനുള്ള സന്യാസി സമൂഹത്തിന്റെ തീരുമാനം നിയമപരമായി നടപ്പാക്കാനാവുന്നതല്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര അറിയിച്ചു. സഭയില്‍ നിന്ന് തന്നെ പുറത്താക്കിയ തീരുമാനത്തില്‍ അപ്പീല്‍ നടപടികളുമായി മുമ്പോട്ട് പോകുകയാണ്. അതുകൊണ്ട് തന്നെ മഠത്തില്‍ നിന്ന് നിര്‍ബന്ധിച്ച് ഇറക്കിവിടാനാവില്ലെന്നും അവര്‍ മറുപടി നല്‍കി.
















