ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരില്‍ നിന്നും പണം പിരിച്ച സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തു. ലോക്കല്‍ കമ്മിറ്റിയംഗമായ ഓമനക്കുട്ടനെതിരെ വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പാണ് പോലീസ് ചുമത്തിയിരിക്കുന്നത്. തഹസീല്‍ദാരുടെ പരാതിപ്രകാരമാണ് നടപടി. ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയത് കൈയ്യോടെ പിടിച്ചതോടെ ലോക്കല്‍ കമ്മിറ്റിയംഗമായ ഓമനക്കുട്ടനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്ന് ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവരാനുള്ള വണ്ടിക്ക് വാടക നല്‍കുന്നതിന് വേണ്ടി എന്ന പേരിലായിരുന്നു പിരിവ് നടത്തിയത്. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നാണ് വൈദ്യുതി എടുത്തിരിക്കുന്നത് ഇതിനും ക്യാമ്പില്‍ ഉള്ളവര്‍ പിരിവ് നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ക്യാമ്പിന്റെ ചുമതലയുണ്ട് എന്ന വ്യാജനയാണ് ഇയാള്‍ ആളുകളില്‍ നിന്നും പണപ്പിരിവ് നടത്തിയത്.
ക്യാമ്പിലെ വൃദ്ധരേയും സ്ത്രീകളേയും പോലും ഒഴിവാക്കാതെയാണ് ഇയാളുടെ ബക്കറ്റ് പിരിവ് നടത്തിയത്. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ പട്ടികജാതി പട്ടിക വര്‍ഗ്ഗ കോളനി നിവാസികളാണ് വെള്ളം കയറിയതിനെ തുടര്‍ന്ന് ക്യാമ്പിലെത്തിയത്. ദുരിതാശ്വാസ ക്യാമ്പില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ വേണ്ടെന്നും എല്ലാം ക്യാമ്പുകളുടേയും നടത്തിപ്പ് പൂര്‍ണമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചുമതലയിലാവണമെന്നും നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കി നിര്‍ദേശിച്ചിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലുള്ള അംഗത്തിന്റെ ഈ നടപടി. ക്യാമ്പിലുള്ളവര്‍ ഇയാള്‍ പണപ്പിരിവ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇപ്പോള്‍ പണപ്പിരിവ് നടത്തിയ ദുരിതാശ്വാസ ക്യാമ്പിന്റെ കഴിഞ്ഞ വര്‍ഷത്തെ സംഘാടകന്‍ ഓമനക്കുട്ടനായിരുന്നു. അന്നും ഇയാള്‍ പണപ്പിരിവ് നടത്തിയെന്നാണ് വിവരം. ഇക്കുറി വില്ലേജ് ഓഫീസറായിരുന്നു ക്യാംപിന്റെ ചുമതലക്കാരനെങ്കിലും ഓമനക്കുട്ടന്‍ സ്വന്തം നിലയില്‍ ക്യാമ്പിലെ അംഗങ്ങളില്‍ നിന്നും പണം പിരിച്ചെടുക്കുകയായിരുന്നു.
















