സര് വില്യംജോണ്സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘അത്ഭുതകരമായ ഘടനയാണ് സംസ്കൃതത്തിനുള്ളത് .ഗ്രീക്ക് ഭാഷയേക്കാള്‍ പരിശുദ്ധമാണത്. ലാറ്റിന്‍ ഭാഷയെക്കാള്‍ സമൃദ്ധമാണത്. ഹിമാലയ ശൃംഗത്തേക്കാള് ഉയര്‍ന്ന്,വളര്‍ന്ന് ഇടതൂര്‍ന്ന് നില്ക്കുന്ന സംസ്കൃതഭാഷയിലെ കൃതികളിലൂടെ ഒന്ന് കണ്ണോടിക്കുന്നതിന് പോലും ഒരു പുരുഷായുസ് മതിയാവുകയില്ല. ഭാരതത്തില്‍ ഇന്ന് 14 സംസ്കൃത സര്‍വകലാശാലകള്‍ ഉണ്ട്. 200 ല്‍ അധികം യൂണിവേഴ്സിറ്റികളില്‍ സംസ്കൃതവിഭാഗങ്ങള് പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയ സംസ്കൃത സംസ്ഥാന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കാമ്പസുകള്‍ ഉണ്ട്. കാശിയിലെ സമ്പൂര്‍ണ്ണാനന്ദ യൂണിവേഴ്സിറ്റി, തിരുപ്പതിയിലെ വിദ്യാപീഠം, ഇന്ത്യയില്‍ പല സ്ഥലങ്ങളിലുമുള്ള ആയിരക്കണക്കിന് വിദ്യാപീഠങ്ങള്‍ വിദ്യാഭാരതിയുടെ 25000 ത്തോളം വരുന്ന സ്കൂളുകള്‍, സര്‍ക്കാര്‍ സ്കൂളുകള്‍, സ്വകാര്യസ്കൂളുകള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, ചിന്മയ വിദ്യാലയങ്ങള്‍, അമൃതവിദ്യാലയങ്ങള്‍, ഗായത്രി പരിവാര്‍ സ്കൂളുകള്‍, ഭാരതീയ വിദ്യാഭവന്, ശ്രീ ശ്രീ വിദ്യാഭവന്, സായി വിദ്യാനികേതന്‍ തുടങ്ങിയ വിദ്യാലയങ്ങളിലൂടെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഔപചാരികമായി സംസ്കൃതം പഠിക്കുന്നു.
സംസ്കൃതഭാരതി 5 ഭാഷകളിലായി നടത്തുന്ന നാല് ഘട്ടങ്ങള്ഉള്ള പത്രാലയ പഠന പദ്ധതിയിലൂടെ ഇതിലും എത്രയോ അധികം സാമാന്യജനങ്ങള്‍ സംസ്കൃതം പഠിക്കുന്നു. സംസ്കൃത സംഭാഷണശിബിരങ്ങളിലൂടെ എത്രയോ ജനങ്ങള്‍ സംസ്കൃതത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഇന്ന് ദൂരദര്‍ശനിലും ജനം ടി.വി യിലും പ്രതിദിനം സംസ്കൃതവാര്‍ത്തകള്‍ കാണാന്‍ അവസരമുണ്ട്. അനൗപചാരിക സംസ്കൃത പഠനകേന്ദ്രങ്ങളും നാടിന്റെ നാനാഭാഗത്തും നടന്നുവരുന്നു. എല്‍.കെ.ജി മുതല്‍ സംസ്കൃതം പഠിക്കുവാനുള്ള പുസ്കങ്ങളും സി.ഡികളും മാസികകളും ഇന്ന് ലഭ്യമാണ്. ഇന്ത്യയില്‍ മാത്രമല്ല, അമേരിക്കയിലും ഇംഗ്ലണ്ടിലും, ജര്‍മ്മനിയിലും ഇന്ന് സംസ്കൃതം പഠിക്കാന്‍ അവസരമുണ്ട്. അമേരിക്കയില്‍ ഓരോ വര്‍ഷവും നടക്കുന്ന സംസ്കൃത പ്രശിക്ഷണ ശിബിരങ്ങളില്‍ നൂറുകണക്കിന് സ്വദേശീയരും വിദേശീയരും പങ്കെടുക്കുന്നു. അനൗപചാരികമായി സംസ്കൃതം മുന്നേറുമ്പോഴും ഔപചാരിമായി സ്വതന്ത്ര ഭാരതത്തില്‍ സംസ്കൃതത്തിന് ഇനിയും ഏറേ മുന്നോട്ടുപോയേ മതിയാവൂ…
സംസ്കൃതത്തെ ഉദ്ധരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ 1956 – 57 ല്‍ ഡോ. സുനീത് കുമാര്‍ ചാറ്റര്‍ജി കമ്മീഷനെ നിയമിച്ചു. ലോവര്പ്രൈമറിതലം മുതല്‍ സംസ്കൃതം പഠിപ്പിച്ച് കോളേജ്തലത്തില്‍ എത്തുമ്പോഴേക്ക് ഒരു വിദ്യാര്‍ത്ഥിക്ക് അഞ്ച് വര്‍ഷത്തെ സംസ്കൃതപഠനം അനിവാര്യമാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. യശ്പാല്കമ്മിറ്റി ഒരു മോഡേണ്‍ ഇന്ത്യന്‍ ലാംഗ്വേജ് എന്ന നിലയില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സംസ്കൃതം പഠിക്കാന്‍ അവസരം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. കേരള സര്‍ക്കാര്‍ നിയോഗിച്ച എന്‍.വി. കൃഷ്ണവാര്യര്‍ അധ്യക്ഷനായ സംസ്കൃത കമ്മീഷനും സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കാന്‍ എല്ലാ ജില്ലകളിലും സംസ്കൃതം സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇവ മിക്കതും ഇന്നും കടലാസുകളില്‍ മാത്രം നിലനില്ക്കുന്നു. ജോസഫ് മുണ്ടശ്ശേരി മാഷ് മൂന്നാം ക്ലാസ്സ് മുതല്‍ സംസ്കൃതപഠനം സ്കൂളുകളില്‍ ആരംഭിക്കുവാനുള്ള നടപടികള്‍ നടപ്പാക്കിയെങ്കിലും 10 വര്‍ഷം മാത്രമേ അതിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. പിന്നീട് കേരളത്തില്‍ ഒന്നാം ക്ലാസ്സ് മുതല്‍ സംസ്കൃതപഠനം ആരംഭിക്കുവാന്‍ ധീരമായ നടപടി എടുത്തത് ഉമ്മന്‍ചാണ്ടിയുടെ ഗവണ്മെന്റ് ആയിരുന്നു. എന്നാല്‍ രണ്ടുവര്‍ഷമായിട്ടും ഒരു അധ്യാപകനെപ്പോലും എല്‍.പി തലത്തില്‍ നിയമിക്കാന്‍ കഴിഞ്ഞില്ല. സംസ്കൃതഭാഷയുടെ പ്രതീക്ഷ സംസ്കൃതപ്രേമികളിലും, സംസ്കൃത അധ്യാപകരിലും വിദ്യാര്‍ത്ഥികളിലുമാണ്. ഒരു ഭാഷ എന്നതിനപ്പുറം ഈ സംസ്കാരവാഹിനിയെ പരിപോഷിപ്പിച്ച് സമസ്ത ഭേദഭാവനകളും ഇല്ലാതാക്കുന്ന രാഷ്ട്രൈക്യത്തിന്റെ അമരസൂത്രമായി നിലനിര്‍ത്തുവാന്‍ നമുക്ക് കഴിയണം.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: