തിരുവല്ല: അപ്പര്‍കുട്ടനാട്ടില്‍ പ്രളയദുരിതത്തിന് അറുതിയായില്ല. ഇപ്പോഴും വെള്ളം വിട്ടൊഴിയാതെ താലൂക്കിന്റെ പടിഞ്ഞാറന്‍ മേഖല. പമ്പ, അച്ചന്‍കോവില്‍ നദികലില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ താലൂക്കില്‍ ഇന്നലെ നാല് ക്യാമ്പുകള്‍ കൂടി തുറന്നു. ഇതോടെ 1326 കുടുംബങ്ങളില്‍ നിന്നായി 63 ക്യാമ്പുകളില്‍ അഭയം തേടിയവരുടെ എണ്ണം 4760 ആയി.
കനത്ത മഴയെ തുടര്‍ന്ന് രണ്ട് വീടുകള്‍ പൂര്‍ണമായും 23 വീടുകള്‍ ഭാഗീകമായും നശിച്ചു. നിരണം, കടപ്ര, പെരിങ്ങര, ചാത്തങ്കരി, മേപ്രാല്‍, അമിച്ചകരി, ആലംതുരുത്തി, തിരുമൂലപുരം തുടങ്ങിയ ഇടങ്ങളിലെ മിക്ക ഭാഗങ്ങളും ഇപ്പോഴും വെള്ളത്താല്‍ ചുറ്റപ്പെട്ട നിലയിലാണ്.
ഈ ഭാഗങ്ങളിലേക്കുള്ള ഗതാഗത സംവിധാനങ്ങള്‍ ഇതുവരെ പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. കടപ്ര, വീയപുരം ലിങ്ക് ഹൈവേ, തിരുവല്ല – എടത്വ ഹരിപ്പാട് റോഡ്, തിരുവല്ല അമ്പലപ്പുഴ, തിരുവല്ല ചാത്തങ്കരി, കാവുംഭാഗം മേപ്രാല്‍, കാവുംഭാഗം ഇടിഞ്ഞില്ലം എന്നീ റോഡുകളിലൂടെയുള്ള ബസ് സര്‍വീസുകള്‍ ഇന്നലെയും മുടങ്ങി.
താലൂക്കിന്റെ പല ഭാഗങ്ങളിലെയും വൈദ്യുത ബന്ധം നാല് ദിവസങ്ങള്‍ പിന്നിട്ടിട്ടും പുനസ്ഥാപിക്കാനായിട്ടില്ല. വരാല്‍ തോട്ടിലെ ഷട്ടര്‍ കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് തിരുമൂലപുരം അടുമ്പട, ഞവണാകുഴി കോളനിളികളിലെ എണ്‍പതോളം വീടുകളില്‍ വെള്ളം കയറിയിരുന്നു.
റവന്യൂ അധികൃതരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് രാത്രി തന്നെ കോളനി നിവാസികളെ എസ്എന്‍വി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി താലൂക്കിലെ മുഴുവന്‍ ക്യാമ്പുകളിലും അലോപ്പതി, ഹോമിയോ മെഡിക്കല്‍ ടീം ദിവസേന സന്ദര്‍ശനം നടത്തുന്നുണ്ടെന്നും അവശ്യ ഘട്ടങ്ങളില്‍ രോഗബാധിതരെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനടക്കമുള്ള സജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു.
















