തിരുവനന്തപുരം : സമ്പത്തിന്റേയും ലേസണ്‍ ഓഫീസറുടേയും നിയമനത്തിനു പിന്നാലെ സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയെ ഉന്നത പദവിയില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ വീണ്ടും നീക്കം നടത്തുന്നു. കോടികള്‍ അഴിമതി നടത്തിയതായി ആരോപണം ഉയര്‍ന്നിട്ടുള്ള മുന്‍ കശുവണ്ടി കോര്‍പ്പറേഷന്‍ എംഡി എ. രതീഷിനെ നിയമിക്കാനാണ് ഇടത് സര്‍ക്കാര്‍ ചരടുവലികള്‍ ആരംഭിച്ചിരിക്കുന്നത്.
നിലവില്‍ ഇയാളെ കണ്‍സ്യൂമര്‍ ഫെഡ് എംഡിയാക്കാനാണ് സര്‍ക്കാര്‍ നിലവില്‍ നീക്കം നടത്തുന്നത്. പദവി ഒഴിഞ്ഞു കിടക്കുന്നതിനെ തുടര്‍ന്ന് രതീഷ് ഉള്‍പ്പടെ 14 പേര്‍ അപേക്ഷ നല്‍കി. ഇതില്‍ അഞ്ച് പേരെ അഭിമുഖത്തിന് തെരഞ്ഞെടുത്തു. അഭിമുഖത്തിനുശേഷം രതീഷിനെയാണ് സര്‍ക്കാര്‍ നിലവില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. വിജിലന്‍സിന്റെ ക്ലിയറന്‍സ് ലഭിച്ചാലുടന്‍ നിയമനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എംഡിയായിരുന്നപ്പോള്‍ തോട്ടണ്ടി ഇറക്കുമതിയില്‍ കോടികളുടെ അഴിമതി ആരോപണമാണ് കെ എ രതീഷിനെതിരെ ഉയര്‍ന്നത്. സംഭവം വിവാദമായതോടെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സിബിഐ രതീഷിനെതിരെ കേസെടുക്കുകയായിരുന്നു.
ഒരു അഴിമതിക്കാരനെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് വിഷയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. കണ്‍സ്യൂമര്‍ ഫെഡ് എംഡിയായി ആരെയാണ് നിയമിക്കുന്നതെന്നത് സംബന്ധിച്ച ഫയല്‍ തന്റെ മുന്നില്‍ വന്നിട്ടില്ല. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത മാത്രമേ അറിയൂ. എം ഡി തസ്തികയിലേക്ക് അഭിമുഖം നടന്നതായി അറിയാം. താന്‍ നിയമനപ്രക്രിയയില്‍ ഇടപെടിട്ടില്ല. നടപടി ക്രമം അനുസരിച്ചേ പ്രവര്‍ത്തിക്കൂ. നിയമനങ്ങള്‍ക്ക് സാധാരണ ഗതിയില്‍ വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
















