തിരുവനന്തപുരം : കനത്ത മഴയിലും ഉരുള്‍പ്പൊട്ടലിലും കനത്ത നാശനഷ്ടമുണ്ടായ വയനാട് പുത്തുമലയിലും കവളപ്പാറയിലും ഇന്നും തെരച്ചില്‍ ആരംഭിച്ചു. കവളപ്പാറയില്‍ 26 പേരെയും പുത്തുമലയില്‍ ഏഴുപേരെയും ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കുവേണ്ടി പ്രത്യേക സാങ്കേതിക സംവിധാനങ്ങളും ഡോഗ് സ്‌ക്വാഡിനേയും ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്.
നാട്ടുകാരില്‍ നിന്നും വിദഗ്ധ സംഘത്തില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂപടം തയ്യാറാക്കിയാണ് പുത്തുമലയില്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് തെരച്ചില്‍ നടത്തുന്നത്.
സംസ്ഥാനത്തെ മഴയ്‌ക്കും നിലവില്‍ ശമനം ഉണ്ടായിട്ടുണ്ട്. ഇതുമൂലം തെരച്ചിലും ഊര്‍ജ്ജിതമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ വന്‍ദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ രാവിലെ ഏഴരയോടെ തന്നെ ആരംഭിച്ചിട്ടുണ്ട്. കവളപ്പാറയില്‍ നിന്നു ഇതുവരെ
33 പേരെയാണ് ആകെ കണ്ടെത്താനായത്. വ്യാഴാഴ്ച മൂന്ന് പേരുടെ കൂടി മൃതദേഹം കണ്ടെത്തി. കമല, സുകുമാരന്‍, രാധാമണി 58 എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇനി 26 പേരെയാണ് മണ്ണിനടിയില്‍ നിന്ന് കണ്ടെത്താനുള്ളത്.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇന്ന് വൈകിട്ട് കവളപ്പാറയിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തും.
















