തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശ്ശൂര്‍, ആലപ്പുഴ, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം, ചങ്ങനാശേരി എന്നീ താലൂക്കുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അങ്കണ വാടികള്‍ക്കും അവധി ബാധകമായിരിക്കും. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു. ജില്ലയിലെ മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കുട്ടനാട് താലൂക്കിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍ കോഴിക്കോട്, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.
മലപ്പുറം ജില്ലയില്‍ ഏറനാട്, നിലമ്പൂര്‍, കൊണ്ടോട്ടി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
















