തിരുവനന്തപുരം: വയനാട്ടിലെയും മലപ്പുറത്തെയും പ്രളയബാധിതര്‍ക്ക് കൈതാങ്ങായി പൂരപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനും. കഴിഞ്ഞ ദിവസമാണ് പേരാമംഗലം ദേവി ക്ഷേത്രത്തില്‍ നിന്നും രാമരഥമായ ‘ശ്രീദുര്‍ഗ’ വയനാട്ടിലേക്ക് ആദ്യ ലോഡുമായി തിരിച്ചത്. തൃശൂരില്‍ നിന്നും തിരിച്ച ലോറിക്ക് കുന്ദകുളത്തു നിന്നും എടപ്പാളുനിന്നും ആരാധകര്‍ സാധനങ്ങള്‍ എത്തിച്ച് നല്‍കിയിരുന്നു. ലോറി നിറയെ സാധനങ്ങളുമായാണ് ‘ശ്രീദുര്‍ഗ’ ഇന്നലെ ചുരം കയറിയത്. പേരാമംഗലത്തെ തെച്ചിക്കോട്ടുകാവ് കോളേജായിരുന്നു കളക്ഷന്‍ സെന്ററായി നിശ്ചയിച്ചിരുന്നത്. ഇതിനു പുറമെയാണ് കുന്നംകുളത്തും എടപ്പാളില്‍ നിന്നും ആവശ്യസാധനങ്ങള്‍ എത്തിച്ചത്. ക്യാമ്പുകളിലേക്ക് ഭക്ഷണസാധനങ്ങളായി 1650 കിലോ അരി, 300 കിലോ പഞ്ചസാര, 150 കിലോ റവയും പയറും, 100 കിലോ ചായപ്പൊടി, 46 കെയ്‌സ് വെള്ളം, 16 ബോക്‌സ് മരുന്നും വസ്ത്രങ്ങളും സോപ്പും തുടങ്ങിയ ആവശ്യസാധനങ്ങളാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പേരില്‍ വയനാട്ടിലേക്ക് എത്തിച്ചത്.
പ്രളയക്കെടുതിയില്‍ വലയുന്നവരെ സഹായിക്കാന്‍ കഴിഞ്ഞ വര്‍ഷവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും രംഗത്തിറങ്ങിയിരുന്നു. ഉത്സവാഘോഷങ്ങള്‍ക്കായി ലഭിച്ച ഏക്കത്തുകയില്‍ നിന്ന് ഒരു ലക്ഷം രൂപയാണ് അന്ന് കൊമ്പന്റെ പേരില്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും ഏറ്റവുമധികം ഉയരമുള്ള ആനകളില്‍ ഒന്നാമനാണിവന്‍. ഏഷ്യയില്‍ ഉയരത്തില്‍ ഇതിന് രണ്ടാംസ്ഥാനക്കാരനും.
ഇത്തവണ തൃശൂര്‍ പൂരത്തിന് സാങ്കേതികത്വം ഉന്നയിച്ച് രാമചന്ദ്രനെ ഉത്സവങ്ങളില്‍ നിന്ന് ഒഴിവാക്കികൊണ്ടുള്ള വന്യമൃഗ സംരക്ഷണ വകുപ്പിന്റെ ഉത്തരവ് ഏറെ വിവാദമായിരുന്നു. കോടതി ഇടപെടലിലൂടെയാണ് പിന്നീട് എഴുന്നെള്ളിപ്പിന് അനുമതിയായത്. കോടതി വിധിക്ക് ശേഷം തൃശൂര്‍ പൂരത്തിന് തുടക്കമിട്ട് തെക്കേഗോപുരനട തള്ളിതുറന്നെത്തിയ ഗജരാജന് വീരോചിതമായ വരവേല്‍പ്പായിരുന്നു ആരാധകരും പൂരപ്രേമികളും നല്‍കിയത്.
















