ശാസ്താംകോട്ട(കൊല്ലം): കേരളത്തില്‍ മഴക്കാല പ്രകൃതിക്ഷോഭങ്ങള്‍ക്ക് കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ചയാണെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പഠനറിപ്പോര്‍ട്ട്. മഴയുടെ തീവ്രതയല്ല കെടുതികള്‍ക്ക് കാരണം. മുമ്പും കാലവര്‍ഷം ഇതേ അനുപാതത്തില്‍ പെയ്തിറങ്ങിയിട്ടുണ്ട്.
എന്നാല്‍, കഴിഞ്ഞ രണ്ടുവര്‍ഷവും സമാനരീതിയിലെ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2013ലെ മാധവഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ടും ശരിവയ്ക്കുന്നു. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളം മഹാദുരന്തത്തിന് സാക്ഷിയാകുമെന്ന് ഗാഡ്ഗില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷമുണ്ടായ കെടുതിയുടെ പ്രധാനകാരണം നിയന്ത്രണമില്ലാതെ ഡാമുകള്‍ തുറന്നുവിട്ടതാണെന്ന് കാലവസ്ഥാകേന്ദ്രം നല്കിയ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. നദികളുടെ തീരത്തുള്ള കൈയേറ്റങ്ങളും വിനയായി.
അനധികൃത കൈയേറ്റം മൂലം കാലവര്‍ഷത്തിലെ കുത്തൊഴുക്കുകള്‍ താങ്ങാന്‍ നദികള്‍ക്ക് സാധിക്കുന്നില്ല. പ്രകൃതിയുടെ സ്വാഭാവികത തിരിച്ച് കൊണ്ടുവരാന്‍ നടപടി ഉണ്ടാകണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. കാലങ്ങള്‍ക്ക് മുമ്പ് ജനവാസത്തിനും കൃഷിക്കും അനുയോജ്യമായ കുന്നിന്‍ചെരിവുകള്‍ പൂര്‍വികര്‍ തട്ടുകളായി തിരിച്ചിരുന്നു. അവിടമായിരുന്നു കൃഷിക്കും പാര്‍പ്പിടത്തിനും അനുയോജ്യമാക്കിയത്. ഇവിടങ്ങളില്‍ ഒരുകാലത്തും ഉരുള്‍പൊട്ടല്‍ ഉണ്ടാകാറില്ല. വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ മലഞ്ചെരിവുകളാക്കി കൃഷിചെയ്യാന്‍ മാത്രം ഉപയോഗിച്ചു. അത്തരം പ്രദേശങ്ങളാണ് കവളപ്പാറ അടക്കമുള്ള ഉരുള്‍പൊട്ടിയ സ്ഥലങ്ങളെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
പരിസ്ഥിതിലോലപ്രദേശങ്ങള് കണ്ടെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്ന കാര്യത്തില്‍ ഭരണകൂടത്തിന് വീഴ്ച സംഭവിച്ചു. മണ്ണുപരിശോധന നടത്തി കെട്ടിടംപണിക്ക് പാകമാണോ ഭൂമി എന്ന് നിര്‍ണയിച്ചുവേണം ഇനിയെങ്കിലും അനുമതി നല്‍കാനെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: