തലശ്ശേരി: സിപിഎമ്മുകാരന്‍ വടക്കുമ്പാട് പാറക്കെട്ടിലെ സിന്ധു നിവാസില്‍ ഷിധിനെ (20) വെട്ടിക്കൊന്ന കേസില്‍ പ്രതികളായ ഒമ്പത് സിപിഎമ്മുകാരെ തലശ്ശേരി മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദ് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടയ്‌ക്കാനും ശിക്ഷിച്ചു.
കൊളശ്ശേരി കാവുംഭാഗത്തെ കുന്നിനേരി മീത്തല്‍ ബ്രിട്ടോ (വിപിന്‍, 32), കാവുംഭാഗത്തെ ചെറിയാണ്ടി വീട്ടില്‍ നിഖില്‍രാജ് (കുഞ്ഞിക്കാടപ്പന്‍, 28), കൊളശ്ശേരി കളരിമുക്കിലെ കാര്‍ത്തികയില്‍ എം. ധീരജ് (26), കാവുംഭാഗം അംഗന്‍വാടിക്കടുത്ത കൃഷ്ണയില്‍ ദില്‍നേഷ് (27), കാവുംഭാഗം നിഹാല്‍ മന്‍സിലില്‍ പി.കെ. നിഹാല്‍ (25),
കാവുംഭാഗം ചെറിയാണ്ടി ഹൗസില്‍ മിഥുന്‍ (മൊയ്തു, 31), പെരുമുണ്ടേരി മുള്ളന്‍മാളിയില്‍ വൈശാഖത്തില്‍ ഷബിന്‍ (28), കാവുംഭാഗം ദേവീനിവാസില്‍ കെ. അമല്‍ കുമാര്‍ (ഡാഡു, 25), കാവുംഭാഗം കുന്നിനേരി മീത്തല്‍ വി.കെ. സോജിത്ത് (25), എന്നിവരെയാണ് ശിക്ഷിച്ചത്. ഇവരില്‍ ബ്രിട്ടോ, സോജിത്ത്, മൊയ്തു എന്നിവര്‍ തലശ്ശേരിയിലെ സിപിഎം വിമതന്‍ സി.ഒ.ടി. നസീറിനെ ആക്രമിച്ചു വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ജയിലിലാണ്.
2013 ഒക്ടോബര്‍ നാലിന് രാത്രിയാണ് പ്രതികള്‍ ഷിധിനെ കൊന്നത്. അന്ന് രാത്രി ഒമ്പത് മണിയോടെ കൊളശ്ശേരിയിലെ ഒരു സംഘം സിപിഎമ്മുകാര്‍ പാറക്കെട്ടിലെ ചില സിപിഎമ്മുകാരുടെ വീടും ബേക്കറിയും അക്രമിച്ചു തകര്‍ത്തു. ഇതിനു പിറകെ പാറക്കെട്ടില്‍ നിന്നുള്ള സിപിഎമ്മുകാര്‍ പകരം ചോദിക്കാന്‍ രാത്രിയില്‍ തന്നെ കൊളശ്ശേരിയിലെത്തി.
അയോധ്യാ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ വിപിന്റെ വീടിനു നേരെ ആക്രമണം നടത്തി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനു ശേഷം അയോധ്യ ഷെല്‍ട്ടറിന് സമീപം ഷിധിനെ കൈയ്യും കാലും തകര്‍ന്ന നിലയില്‍ വീണ നിലയില്‍ കണ്ടത്. വിവരമറിഞ്ഞെത്തിയ പോലീസ് ഷിധിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈകാതെ മരിച്ചു.
















