വാഷിങ്ടണ്‍: ജമ്മു കശ്മീരില്‍ വിഷയത്തില്‍ ഇനി മധ്യസ്ഥതയുടെ ആവശ്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മധ്യസ്ഥത വഹിക്കാമെന്ന നിലപാട് ഇന്ത്യ തള്ളിയിട്ടുമുണ്ട്, ഈ സാഹചര്യത്തില്‍ തന്റെ നിലപാട് നിലനില്‍ക്കില്ലെന്നും ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി ഹര്‍ഷ് വര്‍ദ്ധന്‍ ശ്രിന്‍ഗ്‌ളയാണ് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമാണെങ്കില്‍ മാത്രം നിലനില്‍ക്കുന്ന നിലപാടായിരുന്നു കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്നത്.എന്നാല്‍ അത് സ്വീകാര്യമല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതോടെ വിഷയം അടഞ്ഞ അധ്യായമാണെന്ന് ട്രംപ് അറിയിച്ചതായി ഹര്‍ഷ് വര്‍ദ്ധന്‍ ശ്രിംഗള വിദേശമാധ്യമത്തോട് വ്യക്തമാക്കി.
ജമ്മു കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥസ്തയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിനെ സമീപിച്ചെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ ഇന്ത്യ നേരത്തേ തള്ളിയിരുന്നു. വിഷയത്തില്‍ മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും മധ്യസ്ഥതയ്‌ക്കായി ഒരു നിര്‍ദ്ദേശവും നരേന്ദ്ര മോദി മുന്നോട്ട് വച്ചിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ മധ്യസ്ഥത ആവശ്യപ്പെട്ടതായി ട്രംപ് പ്രസ്താവന നടത്തിയത്. നരേന്ദ്ര മോദിയുമായി കശ്മീര്‍ വിഷയം രണ്ടാഴ്ച മുമ്പ് സംസാരിച്ചിരുന്നു. മധ്യസ്ഥത ആകാമോ എന്ന് മോദി ചോദിച്ചെന്നായിരുന്നു വിവാദ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്തംബറില്‍ അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപിന്റെ പ്രസ്താവന
എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രമേ കശ്മീരില്‍ പ്രശ്ന പരിഹാരം ഉണ്ടാവൂ എന്ന ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഈ വിഷയത്തില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ തത്കാലം ആവശ്യമില്ല. 2016ലെ നടന്ന പത്താന്‍കോട്ട് ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാനുമായി കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ചര്‍ച്ച നടത്തിയിട്ടില്ല. ഭീകരതയും ചര്‍ച്ചകളും ഒന്നിച്ചു കൊണ്ടു പോകാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
















