തിരുവനന്തപുരം: ഭൂമിയില്ലാത്ത ഒരാള്‍ പോലും കേരളത്തിലുണ്ടാകാന്‍ പാടില്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുകയെന്നതാണ് നവകേരളമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത് വലിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിത് ധൂര്‍ത്തടിക്കുന്നതല്ല നവകേരള സ്യഷ്ടിയെന്നും അദ്ദേഹം പറഞ്ഞു.
പലരും അനധികൃതമായി കൈവശംവച്ചിട്ടുള്ള തോട്ടംഭൂമി തിരികെപിടിച്ച് ഭൂമിയില്ലാത്ത വനവാസികള്‍ക്കും കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും നല്‍കണമെന്നാവശ്യപ്പെട്ട് ഭൂ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂമി കൈയടക്കിവച്ചിരിക്കുന്നവര്‍ക്കായി നിയമങ്ങള്‍ ഭേദഗതി ചെയ്യാനാണ് സിപിഎമ്മും കോണ്‍ഗ്രസ്സും ശ്രമിച്ചത്. മലയോരങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കി കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് പണിയുന്നത്. ഓരോ ദിവസം കഴിയുന്തോറും കൈയറ്റക്കാര്‍ ഭൂമി വിറ്റ് കോടികള്‍ സമ്പാദിക്കുന്നു. വന്‍കിട ഭൂ ഉടമകള്‍ ഭൂമിയെ ഇന്നൊരു വില്‍പ്പന ചരക്കാക്കി മാറ്റി.
വലിയ മാഫിയകളാണ് ഇതിന് പിന്നില്‍. കാലഹരണപ്പെട്ട ഭൂപരിഷ്‌കരണ നിയമങ്ങള്‍ അറബിക്കടലില്‍ വലിച്ചെറിയേണ്ട കാലം കഴിഞ്ഞുപോയി. രണ്ടാം ഭൂപരിഷ്‌കരണ നിയമം കേരളത്തില്‍ ഉണ്ടാകണം. മണ്ണ്, വെള്ളം, അന്നം മറന്ന് ഭരിച്ചതിന്റെ ദുരന്തം നമ്മള്‍ അനുഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ള അധ്യക്ഷത വഹിച്ചു. ആദിവാസി മഹാസഭ സംസ്ഥാന അധ്യക്ഷന്‍ മോഹന്‍ ത്രിവേണി, ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി വെണ്ണിയൂര്‍ ഹരി, സംസ്ഥാന കണ്‍വീനര്‍ രാമനുണ്ണി, പി. അശോകന്‍, എസ്. രാജശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിഷയത്തില്‍ ഭൂ അവകാശ സംരക്ഷണ സമിതി നേതാക്കള്‍ മുഖ്യമന്ത്രിയ്‌ക്ക് നിവേദനം നല്‍കി.
















