കോഴിക്കോട് : പ്രളയ ദുരിതത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനിടയില്‍ മരിച്ച സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന്റെ മാതാപിതാക്കള്‍ക്ക് കൈത്താങ്ങായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. മഴക്കെടുതിയില്‍ അകപ്പെട്ട സ്വന്തം നാട്ടുകാരെ രക്ഷിക്കുന്നതിനിടയില്‍ ഒഴുക്കില്‍ പെട്ടാണ് ലിനു മരിക്കുന്നത്.
ലിനു ചെയ്തത് മഹാത്തായ ഒരു പ്രവര്‍ത്തിയാണ്. അതിനോടുള്ള ആദരമായാണ് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമായി വീട് നിര്‍മിച്ചു നല്‍കുന്നതെന്ന് വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രതിനിധിയായി എത്തിയ മേജര്‍ രവി അറിയിച്ചു.
ലിനുവിന്റെ ചെറുവണ്ണൂരിലെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചശേഷമാണ് മേജര്‍ രവി ഇക്കാര്യം അറിയിച്ചത്. അടിയന്തിര സഹായമായി ഒരു ലക്ഷം രൂപയും ലിനുവിന്റെ അമ്മയ്‌ക്ക് കൈമാറി.
കടങ്ങള്‍ വീട്ടി പുതിയ വീട് വെയ്‌ക്കാനുള്ള തെയ്യാറെടുപ്പിനിടെയാണ് ലിനു മരിക്കുന്നത്. കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കുമെന്നും, വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അടിയന്തിരമായി വീട് നിര്‍മിച്ചു നല്‍കുമെന്നും മേജര്‍ രവി അറിയിച്ചു. കനത്ത മഴയില്‍ ചാലിയാര്‍ പുഴ കരകവിഞ്ഞതോടെ വീടിനുള്ളില്‍ വെള്ളം കയറി അച്ഛനും അമ്മയ്‌ക്കുമൊപ്പം ക്യാംപിലേക്കു വന്നതാണ് ലിനു.
അവിടെ നിന്നും വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനായി സേവാഭാരതി പ്രവര്‍ത്തകര്‍ക്കൊപ്പം രക്ഷാ പ്രവര്‍ത്തനത്തിന് പോയതാണ്. സഹോദരന്മാരായ ലാലുവും ലൈജുവും ബന്ധുക്കളും ക്യാംപിലുണ്ട്.
















