തിരുവനന്തപുരം: കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന്റെ അമ്മയ്‌ക്ക് കത്തെഴുതി മോഹന്‍ലാല്‍. ധീരനായിരുന്നു അമ്മയുടെ മകന്‍. ആ മകന്‍ യാത്രയായത് മൂന്നരകോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണെന്നും അദേഹം കത്തില്‍ പറഞ്ഞു.
മോഹന്‍ലാല്‍ ലിനുവിന്റെ അമ്മയ്‌ക്ക് എഴുതിയ കത്തിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട അമ്മയ്‌ക്ക്…
അമ്മ ക്യാമ്പിലായിരുന്നു എന്ന് അറിയാം ക്യാമ്പിലേക്ക് അമ്മയ്‌ക്ക് കൂട്ടായി വന്ന മകന്‍ ഇന്ന് അമ്മയുടെ കൂടെ ഇല്ലെന്നുമറിയാം. ആ മകന്‍ യാത്രയായത് മൂന്നരകോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ്. മറ്റൊരാള്‍ക്കു വേണ്ടി ജീവിക്കാന്‍ വലിയ മനസുവേണം. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ നല്‍കാന്‍ വലിയ മനസും ധീരതയും വേണം. ധീരനായിരുന്നു അമ്മയുടെ മകന്‍. ഞാന്‍ ഉള്‍പ്പെടുന്ന ഈ സമൂഹത്തിനു വേണ്ടിയാണ് അമ്മയുടെ മകന്‍ അമ്മയെ വിട്ടുപോയത്. വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കാന്‍ കഴിയില്ല എന്ന് എനിക്കറിയാം. ഇതു പോലെ ഒരു മകനേ സമൂഹത്തിന് നല്‍കിയതിന് മറ്റൊരു മകന്‍ എഴുതുന്ന സ്‌നേഹവാക്കുകള്‍ ആയി ഇതിനേ കരുതണം..
സ്‌നേഹത്തോടെ…
പ്രാര്‍ത്ഥനതോടെ…
അമ്മയുടെ മോഹന്‍ലാല്‍

















