ന്യൂദല്‍ഹി: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുമായുള്ള ഏകോപന ചുമതലയുമായി ദല്‍ഹിയിലെത്തിയ മുന്‍ എംപി സമ്പത്ത് ഇടതുപക്ഷ സംഘടനകളുടെ മാത്രം യോഗം വിളിച്ചത് വിവാദമായി. കേന്ദ്രസര്‍ക്കാരുമായി യോജിച്ച് ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന നവോദയവും ദല്‍ഹി മലയാളി അസോസിയേഷനും അടക്കം സമ്പത്തിന്റെ ആദ്യ യോഗത്തില്‍ ‘പുറത്തായപ്പോള്‍’ ഇടതു സംഘടനയായ ജനസംസ്കൃതി മാത്രം ഇടംപിടിച്ചു. ഏകോപന ചുമതല ഏറ്റെടുത്ത സമ്പത്ത് ദല്‍ഹിയിലെ മലയാളി സംഘടനകളെ വിഘടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു കേരളാ ഹൗസിലെ കാഴ്ചകള്‍.
സംസ്ഥാന സര്‍ക്കാരിന്റെ കേരളാ ഹൗസ് പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെ നിയമിതനായ മുന്‍ എംപി സമ്പത്ത് ഇന്നലെ ദല്‍ഹിയിലെത്തി ചുമതലയേറ്റെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കേരളത്തിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സമ്പത്ത് വിളിച്ച യോഗത്തിലാണ് വലിയ വിഭാഗം സംഘടനകളെ ഒഴിവാക്കിയത്.
നവോദയം, ദല്‍ഹി മലയാളി അസോസിയേഷന്, ദല്‍ഹി എന്‍എസ്എസ്, ബാലഗോകുലം, ദല്‍ഹി മലയാളി ഫിലിം സൊസൈറ്റി തുടങ്ങിയ ദല്‍ഹിയിലെ രജിസ്ട്രേഡ് സംഘടനകളെ സമ്പത്ത് ആദ്യയോഗത്തില്‍ ഒഴിവാക്കി.
കഴിഞ്ഞ തവണ കേരളാ ഹൗസ് കേന്ദ്രീകരിച്ച് ശേഖരിച്ച ടണ്‍ കണക്കിന് സാമഗ്രികള്‍ കേന്ദ്രസര്‍ക്കാര്‍ നാട്ടിലേക്കെത്തിച്ചിരുന്നു. എന്നാല്‍, ഇത്തവണ കേരളാ ഹൗസില്‍ പ്രളയ ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കേണ്ടെന്നും പൈസ മാത്രം മതിയെന്നുമാണ് സമ്പത്തിന്റെയും റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറിന്റെയും തീരുമാനം. പ്രത്യേക പ്രതിനിധിയുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്പക്ഷ സമീപനത്തോടെ വേണമെന്ന് നവോദയം ജനറല്‍ സെക്രട്ടറി എം. ആര് വിജയന് പറഞ്ഞു. സമ്പത്ത് കേരളത്തിന്റെ പ്രതിനിധിയായാണ് ദല്ഹിയിലെത്തിയതെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധിയല്ലെന്നോര്മ്മ വേണമെന്നും എം. ആര് വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: