കോഴിക്കോട്: കേരളത്തില്‍ ബിജെപി അംഗത്വ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം പ്രതികൂല കാലാവസ്ഥയും മറ്റും നിമിത്തം ആഗസ്റ്റ് 21 വരെ നീട്ടിയതായി സംസ്ഥാന അംഗത്വ കമ്മിറ്റി കണ്‍വീനര്‍ കെ.പി. ശ്രീശന്‍ അറിയിച്ചു. 11നായിരുന്നു ആദ്യഘട്ടം അവസാനിക്കേണ്ടിയിരുന്നത്. ഇപ്പോള്‍ 15 ലക്ഷത്തിലധികം അംഗങ്ങളുള്ള കേരളത്തില്‍ ഇതിനകം അഞ്ച് ലക്ഷത്തിലധികം അംഗങ്ങളെ പുതുതായി ചേര്‍ക്കാന്‍ കഴിഞ്ഞത് മികച്ച നേട്ടമാണ്.
നിലവിലുള്ള അംഗങ്ങളുടെ 20 ശതമാനം വര്‍ധന ഉറപ്പുവരുത്തി സംഘടനാ തെരഞ്ഞെടുപ്പിന് വേണ്ട പ്രാഥമിക യോഗ്യത കൈവരിക്കുകയെന്നതാണ് ഒന്നാംഘട്ട മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ലക്ഷ്യം. ആ ലക്ഷ്യം ഇതിനകം തന്നെ കൈവരിച്ചു. ഇപ്പോള്‍ നിലവിലുള്ളതിനേക്കാള്‍ 35 ശതമാനം പുതിയ അംഗങ്ങളെ കൂടുതലായി ചേര്‍ക്കുക വഴി വന്‍നേട്ടമാണ് കേരളത്തിലുണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥ താല്‍ക്കാലികമായുണ്ടായ തടസ്സം നീങ്ങിയാല്‍ മെമ്പര്‍ഷിപ്പ് ആദ്യഘട്ടത്തില്‍ തന്നെ 50 ശതമാനം വര്‍ധനവിലെത്തിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
വന്‍തോതില്‍ ന്യൂനപക്ഷങ്ങളും ദളിത് വിഭാഗങ്ങളും ബിജെപിയിലേക്ക് കൂട്ടമായി എത്തിയെന്നതാണ് എടുത്തുപറയേണ്ട ഒരു പ്രത്യേകത. സാഹിത്യ-സാംസ്‌കാരിക-വിദ്യാഭ്യാസ-കലാരംഗങ്ങളിലെ ഒട്ടേറെപ്പേര്‍ പാര്‍ട്ടിയിലേക്കെത്തി എന്നുള്ളതും അനുകൂലമായ മറ്റൊരു ഘടകമാണ്. സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളിലെ അനേകം സാധാരണപ്രവര്‍ത്തകര്‍ നരേന്ദ്ര മോദിക്കൊപ്പം അണിചേരാന്‍ തയാറായിട്ടുണ്ട്. മിസ്ഡ് കോള്‍ വഴിയും നരേന്ദ്ര മോദി ആപ്പ് വഴിയും അംഗങ്ങളായവരുടെ എണ്ണമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്.
മെമ്പര്‍ഷിപ്പ് രംഗത്ത് വന്‍മുന്നേറ്റമുണ്ടായിട്ടും കുപ്രചാരണം വഴി മുന്നേറ്റത്തെ കുറച്ചു കാണിക്കാനും പ്രവര്‍ത്തകന്മാരുടെ ആത്മവിശ്വാസം ചോര്‍ത്തിക്കളയാനും നടക്കുന്ന ശ്രമങ്ങള്‍ അപലപനീയമാണ്. മൊബൈല്‍ നമ്പര്‍ 1800 2662020 വഴി ബിജെപിയില്‍ ആര്‍ക്കും അംഗത്വമെടുക്കാം. അംഗത്വ പ്രചാരണം വിജയിപ്പിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
















