രാമായണേതിഹാസം രണ്ടു നഗരങ്ങളെ വര്‍ണിക്കുന്നു. അയോധ്യയും ലങ്കയും. ഒന്ന് സൂര്യവംശരാജധാനി. മറ്റേത് രാക്ഷസകുലത്തിന്റേതും. വര്‍ണനയുടെ ധാരാളിത്തം രണ്ടിലുമുണ്ടെങ്കിലും ലങ്കയ്ക്കു വേണ്ടിയാണ് ഏറെ ശ്ലോകങ്ങള്‍ വാല്മീകി രചിച്ചത്. ആധുനിക നഗരവത്ക്കരണത്തിന്റെ പ്രാഗ്രൂപങ്ങള്‍ ഈ സ്ഥലരാശികളുടെ സംവിധാനത്തില്‍ നിന്നും നമുക്ക് നിര്‍ധാരണം ചെയ്ത് എടുക്കാം.
രാമായണം ബാലകാണ്ഡം അഞ്ചുമുതല്‍ ഏഴുവരെയയുള്ള സര്ഗങ്ങള്, കോസലരാജധാനിയായ അയോധ്യയുടെ വര്‍ണനയാണ്. അങ്കന്റെ പുത്രനായ ദശരഥനാണ് കലയും കാലവും നമിക്കുന്ന അയോധ്യാ നഗരത്തിന്റെ മുഖ്യശില്പി. പ്രതിരോധവും ആക്രമണസന്നാഹങ്ങളും പഴുതടച്ചു കൊണ്ടുള്ള ശില്പസംവിധാനം. പ്രജാവത്സലനും പ്രഭാവശാലിയുമായ ഒരു ഭരണാധികാരിക്കേ ഇതു കഴിയുകയുള്ളൂ.
നഗരത്തിന്റെ നാലുപാടും വളഞ്ഞൊഴുകുന്ന നീലജലം കൊണ്ടുള്ള കിടങ്ങ്. പിമ്പില്‍ കോട്ട. അതിനുള്ളിലാകട്ടെ ഘണ്ടാപഥങ്ങള്‍. അധിക ചിഹ്നം വരച്ചതു പോലെ. രാജരഥ്യകള്‍ക്കിരുവശവും പടുകൂറ്റന്‍ മതിലുകള്‍. എല്ലായിടത്തും നട്ടുനനച്ചു വളര്‍ത്തിയ പൂച്ചെടികള്‍. സര്‍വത്ര പുഷ്പപരിമളം. പട്ടണം ശുദ്ധജലതടാകങ്ങളാല്‍ നിഭൃതം.
ഗുണകര്‍മസ്വഭാവങ്ങളിലധിഷ്ഠിതമായ വര്‍ണവ്യവസ്ഥയാണ് അയോധ്യയില്‍ പുലര്‍ന്നിരുന്നത്. വേദവിത്തുകളായ ബ്രാഹ്മണര്‍, വീരശൂരപരാക്രമികളായ ക്ഷത്രിയര്‍, വ്യാപാരവും വ്യവസായവും നിര്‍വഹിക്കുന്ന വൈശ്യര്‍. സേവനനിരതരായ ശൂദ്രര്‍.
ജാതിഭേദമേതുമില്ലാത്ത സോദരത്വം. അവകാശവും കടമയുമറിയുന്ന പൗരബോധമുള്ള ജനത. നാസ്തികരോ, ഭീകരരോ ഇല്ലാത്ത നാട്. കാമികളോ ക്രൂരരോ അഗ്നിഹോത്രം ചെയ്യാത്തവരോ അയോധ്യയിലുണ്ടായിരുന്നില്ല. ദരിദ്രരില്ലാത്ത നാട്. ലിംഗനീതിയും അഭിപ്രായ സ്വാതന്ത്ര്യവും സമത്വവും അവിടെ പുലര്‍ന്നിരുന്നു. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും തമ്മിലുള്ള വിധേയത്വം ശ്രദ്ധേയം. ശ്രീസമൃദ്ധികളുടെ വിളനിലം തന്നെ സാകേതം.
ശ്രീജിതനായ രാവണന്റെ ലങ്ക എല്ലാ അര്‍ഥത്തിലും സുവര്‍ണമായിത്തന്നെ. മൂന്നു ലങ്കാവര്‍ണനകള്‍ ഇതിഹാസത്തിലുണ്ട്. ആകാശമാര്‍ഗം പുറപ്പെട്ട ഹനുമാന് കാണുന്ന ലങ്ക. രണ്ടാമത് ശ്രീരാമന് കാണുന്ന ലങ്ക. യുദ്ധാനന്തരം പുഷ്പക വിമാനത്തില്‍ അയോധ്യയിലേക്കു മടങ്ങവേ, ശ്രീരാമന് സീതാദേവിക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുന്ന ലങ്കാചിത്രങ്ങള്‍.
കാവല്‍ക്കാരിയായി ലങ്കാലക്ഷ്മി. നാലുവശത്തും കിടങ്ങുകള്‍. അകത്ത് വലിയ കോട്ടമതിലുകള്‍. കൊടിക്കൂറകള്‍ സദാപറന്നു കളിക്കുന്ന രമ്യഹര്‍മ്യങ്ങള്‍. കൊത്തളങ്ങളില്‍ ശതഘ്നി (പീരങ്കി)കള്‍ സ്ഥാപിച്ചിരിക്കുന്നു. സുശക്തമായ പ്രതിരോധം തീര്‍ക്കാന്‍ രാവണനെപ്പോഴും ശ്രദ്ധിച്ചിരുന്നു. ലോകത്തുള്ള സമസ്ത സൗന്ദര്യ പദാര്‍ഥങ്ങളും ലങ്കാനഗരിയിലുണ്ട്. ഏഴും എട്ടും നിലയുള്ള കെട്ടിടസമുച്ചയങ്ങള്‍. എല്ലാ അര്‍ഥത്തിലും പരിഷ്കൃത നഗരം തന്നെ ലങ്ക.
രാവണവധത്തിനു ശേഷം ലങ്കാധിപതിയാവാന്‍ ലക്ഷ്മണനു കഴിയുമായിരുന്നു. അനുകൂല ഘടകങ്ങള്‍ ഏറെ ഉണ്ടായിരുന്നു താനും. വിഭീഷണന് സ്വപന്ത്തില്‍ പോലും എതിര്‍ക്കുമായിരുന്നില്ല.
‘ജനനീ ജന്മഭൂമിശ്ച
സ്വര്‍ഗാദപി ഗരീയസി’
എന്ന് ലക്ഷ്മണനെക്കൊണ്ട് പറയിക്കുന്നിടത്താണ് വല്മീകി ആദി കവിയാകുന്നത്. ഭാരതം ഇന്നലെയും ഇന്നും ഒരു രാജ്യത്തേയും ആക്രമിച്ച് അടിയറവു പറയിച്ച് അതിര്‍ത്തികള്‍ വിപുലമാക്കിയിട്ടില്ല.
ജനനിയും ജന്മഭൂമിയും സ്വര്‍ഗത്തേക്കാള്‍ മഹത്വമേറിയതാണെന്ന ഉര്‍വരമായ ചിന്തയിലാണ് ഭാരതത്തിന്റെ യുഗസംസ്കൃതി. രാമരാവണയുദ്ധത്തില്‍ ഒരിറ്റു ചോരപോലും ഇതിഹാസം പിറന്ന മണ്ണില്‍ വീണിട്ടില്ല, എന്ന വസ്തുത നാം ഓര്‍മിക്കുക. ഒരൊറ്റ ഭാരതീയനും രക്തസാക്ഷിയായിട്ടുമില്ല.
തപസ്വിയും മുനിയും മഹര്‍ഷിയുമാണ് ഇതിഹാസ കവി എന്നതു തന്നെ കാരണം.
9446442081
പ്രതികരിക്കാൻ ഇവിടെ എഴുതുക: