അംശാധികരണം
പതിനേഴാമത്തേതായ ഈ അധികരണത്തില്‍ 11 സൂത്രങ്ങളുണ്ട്.ജീവന് പരമാത്മാവിന്റെ അംശമാണ് എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു ഈ അധികരണത്തില്‍.
സൂത്രം – അംശോ നാനാവ്യപദേശാദന്യഥാ ചാപി ദാശകിതവാദിത്വമീയത ഏകേ
ജീവന് പരമാത്മാവിന്റെ അംശമാണ്. പല തരത്തില്‍ ശ്രുതിയില്‍ പറഞ്ഞിട്ടുള്ളതിനാലും മറ്റു തരത്തിലും ചിലര്‍ മുക്കുവന്, ചൂതുകളിക്കാരന് മുതലായവരുടെ ഭാവവും ബ്രഹ്മത്തിന് പറയുന്നുണ്ട്.
ജീവനും ഈശ്വരനും തമ്മിലുള്ള ബന്ധം ഭൃത്യനും സ്വാമിയും തമ്മിലുള്ളതു പോലെയാണോ അഗ്നിയും അതിലെ സ്ഫുലിംഗങ്ങളും പോലെയാണോ എന്നതാണ് സംശയം. സ്വാമിയും ഭൃത്യനും പോലെയുള്ള ബന്ധമാണെന്ന് വിചാരിക്കണമെന്ന് പൂര്‍വ്വ പക്ഷം പറയുന്നു.
എന്നാല്‍ അത് ശരിയല്ല. അഗ്നി വിസ്ഫുലിംഗം പോലെ അംശാശിഭാവ ബന്ധമാണ് ഇതെന്ന് സൂത്രം വ്യക്തമാക്കുന്നു. തീയിനും തീപ്പൊരിയ്ക്കും ചൂട് എന്ന സാമാന്യ ധര്മുള്ളതിനാല് അഗ്നിയുടെ ഒരംശമാണ് തീപ്പൊരിയായിക്കാണുന്നത് എന്ന് തീരുമാനിക്കാം. അതുപോലെ പരമാത്മാവിന്റെ അഥവാ ഈശ്വരന്റെ അംശമാണ് ജീവന്. എന്നാല്‍ ബ്രഹ്മം നിരവയവവും നിരാകരവുമായതിനാല് എങ്ങനെ അംശമുണ്ടാകും എന്ന് ചോദിക്കുകയാണെങ്കില്‍ അംശം പോലെ ഉള്ളത് എന്ന് കരുതണം.ബ്രഹ്മത്തിന് അംശമില്ലാത്തതിനാലാണ് അംശം പോലെ എന്ന് പറഞ്ഞത്. ചൈതന്യം രണ്ടിലും ഉണ്ട് എന്നതിനാല്‍ ഒന്ന് മറ്റൊന്നിന്റെ അംശമായി പറയുന്നു. നിരംശമായതിനാല് ബ്രഹ്മം തന്നെയാണ് ജീവന് എന്ന് പറയാമല്ലോ എന്ന് ചോദിക്കുന്നവരുണ്ട്. ശ്രുതിയില്‍ പലയിടത്തും ജീവനും പരമാത്മാവിനും ഭേദം പറഞ്ഞിട്ടുണ്ട്. വ്യവഹാരത്തില്‍ ജീവാത്മാവ് പരമാത്മാവില്‍ നിന്നും വേറിട്ടതാണ്. ആ ഭേദങ്ങളെയെല്ലാം നിരസിച്ച് സ്വസ്വരൂപത്തെ അഥവാ പരമാത്മാഭാവത്തെ പ്രാപിക്കുകയാണ് ജീവന്റെ ലക്ഷ്യം. അഥര്‍വവേദത്തില്‍ താഴ്ന്ന കുലത്തില്‍ ജനിച്ചവരേയും വഞ്ചകരേയുമൊക്കെ ബ്രഹ്മമെന്ന് പറയുന്നുണ്ട്. ഗീതയില്‍ വഞ്ചകരുടെ വഞ്ചനയും താനാണ് എന്ന് ഭഗവാന് പറയുന്നുണ്ട്. ഈശ്വരന്റെ അംശമാണ് ജീവനെന്നും ഗീതയില്‍ കാണാം. അറിവുള്ളവര്‍ സകല നാമരൂപങ്ങളേയും വാസ്തവത്തെ തിരിച്ചറിഞ്ഞ് ആവശ്യമില്ലാത്തതിനെ തള്ളിക്കളഞ്ഞ് ലോകത്തില്‍ കഴിയുന്നുവെന്ന് ശ്രുതി പറയുന്നു. അതിനാല്‍ തീയും തീപ്പൊരിയും പോലെയുള്ള ബന്ധമാണ് ജീവനും ഈശ്വനും.
ശ്വേതാശ്വതരോപനിഷത്തില്‍ ജീവന് നാനാത്വം പറഞ്ഞിട്ടുണ്ട്. ഒപ്പം തന്നെ നിത്യത്വവും ചേതനത്വവും കുടി പറഞ്ഞതായി കാണാം. ഈശ്വരന് ജഗത്തിന്റെ കാരണത്വവുമുണ്ട്. അതിനാല്‍ ജീവന് ഈശ്വരന്റെ അംശമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: