തിരുവനന്തപുരം: പ്രകൃതിദുരന്തത്തിൽ നൂറ് കണക്കിന് ജീവനുകൾ പൊലിയുമ്പോഴും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ പാറ ഖനനം വ്യാപകമാകുന്നു. കാലവർഷത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പാറ ഖനനങ്ങൾ താല്ക്കാലികം നിർത്തിവയ്‌ക്കണമെന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവുകൾ കാറ്റിൽ പറത്തിയാണ് തിരുവനന്തപുരം വെമ്പായം മദപുരം പ്രദേശങ്ങളിൽ വ്യാപക പാറ ഖനനം നടക്കുന്നത്. മദപുരത്തെ പാറ ക്വാറികളിലെ നിരന്തരം നടക്കുന്ന പാറ ഖനനം നൂറിലേറെ കുടുംബങ്ങളെ ദുരന്ത ഭീതിയിലാക്കുകയാണ്.
നെടുമങ്ങാട് താലൂക്കിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മാണിക്കൽ, വെമ്പായം പഞ്ചായത്തുകളിൽ മദപുരം, ചീരാണിക്കര പ്രദേശത്തെ ക്വാറികളിലെ പ്രവർത്തനമാണ് നാട്ടുകാരെ ദുരന്തത്തിലാക്കുന്നത്. ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയിൽ ഉറക്കമില്ലാതെ പ്രാർത്ഥനയോടെ മലയ്‌ക്ക് താഴ്‌വാരത്ത് കഴിയുകയാണ് കുരുന്നുകൾ ഉൾപ്പെടെ നൂറ് കണക്കിന് ജീവനുകൾ. എന്ത് ചെയ്യണമെന്നറിയില്ല. ഉദ്യോഗസ്ഥരും ഭരണാധികാരികളും മുഖം തിരിയ്‌ക്കുന്നത് പ്രദേശവാസികളെ കണ്ണുനീരിലാക്കുന്നു. മുൻപും പ്രദേശത്ത് ക്വാറിയുടെ ഭിത്തികൾ അടർന്നിളകി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ കാലവർഷത്തെ പ്രളയ ദുരന്തത്തിന്റെ ദു:ഖ മുഖങ്ങൾ നാട്ടുകാരെ കൂടുതൽ കണ്ണുനീരിലാക്കുന്നു.
വടക്കൻ കേരളത്തിലെ കവളപ്പാറയിലും, മേപ്പാടിയിലും സംഭവിച്ചത് തലസ്ഥാനത്ത് ശക്തമായ മഴ പെയ്താൽ വെമ്പായത്തും ആവർത്തിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസങ്ങൾ ക്വാറിയിലെ പ്രവർത്തനം നടത്തുന്ന വിവരം ജില്ലാ കളക്ടറുടെ ഓഫീസിൽ അറിയിച്ചിരുന്നു. എന്നാൽ മറ്റാരു ഫോൺ നമ്പർ കൊടുത്തതിന് ശേഷം അവിടെ വിളിച്ച് പറയാനാണ് ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നും നിർദ്ദേശം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ പാറക്വാറികൾ മുഖേന നാട്ടുകാർ അനുഭവിക്കുന്ന ദുരന്തങ്ങൾ നാട്ടുകാരെ അറിയിച്ചാലും നടപടിഇല്ലന്നും ആക്ഷേപമുണ്ട്. സമീപത്തെ സർക്കാർ ഭൂമിയിലും കൈയ്യേറി ഖനനം നടത്തുന്നതായും നാട്ടുകാർ പറയുന്നു.
സുരക്ഷാ പ്രാധാന്യം നൽകാതെയുള്ള ക്വാറിയുടെ പ്രവർത്തനം കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ക്വാറി പ്രവര്‍ത്തിക്കരുതെന്നാണ് നിയമമെങ്കിലും ഇവിടെ അതൊന്നും ബാധകമല്ലെന്നാണ് പറയുന്നത്. ഇവിടെ പ്രത്യേക തരത്തിലുള്ള ചുടുകാറ്റു വീടുകളിലേക്കു വീശുന്നതായി നാട്ടുകാര്‍ പരാതി പറയുന്നു. പാറ പൊട്ടുമ്പോഴുള്ള ശബ്ദവും കമ്പനവും വെടി മരുന്നിന്റെ ഗന്ധവും ചെറിയ കുട്ടികളില്‍ കേള്‍വിക്കുറവ്, ആസ്തമ തുടങ്ങിയ രോഗങ്ങളുണ്ടാക്കുന്നതായും പരാതികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: