കോഴിക്കോട്: മഴക്കെടുതിയില്‍പ്പെട്ടവര്‍ക്കായി രക്ഷാപ്രവര്‍ത്തനം നടത്തിയ സേവാഭാരതി പ്രവര്‍ത്തകന് ദാരുണ അന്ത്യം. ചെറുവണ്ണൂര്‍ എരഞ്ഞിരക്കാട് പാലത്തിന് സമീപം പൊന്നത്ത് സുബ്രഹ്മണ്യന്റെ മകന്‍ ലിലു(34) ആണ് മരിച്ചത്. വെള്ളക്കെട്ടില്‍ വീണായിരുന്നു അന്ത്യം.
ശനിയാഴ്ച രാവിലെ മുതല്‍ ലിലു അടക്കമുള്ള സേവാഭാരതി പ്രവര്‍ത്തകര്‍ മൂന്ന് ബാച്ചുകളായി പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു. ഉച്ചയോടെ പ്രവര്‍ത്തകര്‍ ഒന്നിച്ചപ്പോഴാണ് ലിലുവിനെ കാണാതായ വിവരം അറിഞ്ഞത്. ഉടന്‍ ഫയര്‍ഫോഴ്‌സിനെയും റവന്യൂ അധികൃതരെയും അറിയിച്ചു. തെരച്ചിലും തുടങ്ങി.
രാത്രി ഒന്‍പതരയോടെയാണ് കൊല്ലേരിത്താഴം ഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തിയത്. രണ്ടാള്‍ താഴ്ചയില്‍ ഇവിടെ വെള്ളമുണ്ട്. മൃതദേഹം ഇന്നലെ ചെറുവണ്ണൂര്‍ ലിറ്റില്‍ഫഌവര്‍ സ്‌കൂളിലെ ദുരിതാശ്വാസകേന്ദ്രത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകിട്ട് ഗോതീശ്വരത്ത് സംസ്‌കരിച്ചു. അമ്മ: ലത. സഹോദരങ്ങള്‍: ലാലു, ലൈജു.
















