ആലപ്പുഴ: മഴയ്‌ക്ക് ശമനമുണ്ടെങ്കിലും, കിഴക്കന്‍ വെള്ളം ഇരച്ചെത്തിയതോടെ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം അതിരൂക്ഷം. ഇന്നലെ വൈകിട്ട് കുട്ടനാട് കൈനകരി, കൈനകരിയിലെ ആറുപങ്ക്, ചെറുകാലി പാടശേഖരങ്ങളില്‍ മടവീണു. വടക്ക് വില്ലേജില്‍ വലിയകരി, കനകശേരി, മീനപ്പള്ളി പാടശേഖരങ്ങളില്‍ കഴിഞ്ഞ രാത്രിയില്‍ മടവീണ് കൃഷി നശിച്ചു. 269 ഹെക്ടറിലെ കൃഷി നശിച്ചതായി കണക്കാക്കുന്നു. നാനൂറോളം വീടുകള്‍ അപകട ഭീഷണിയിലാണ്.
നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറിത്തുടങ്ങി. പല വീടുകളിലും ഒരാള്‍ പൊക്കത്തോളം വെള്ളം എത്തിയ സാഹചര്യമാണുള്ളത്. ഇതോടെ ഇന്നലെ പുലര്‍ച്ചെത്തന്നെ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചു. നിരവധി കുടുംബങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ ദുരനുഭവം ഭയന്ന് നേരത്തെ തന്നെ ബന്ധുവീടുകളിലും മറ്റും അഭയം തേടിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍. ജലഗതാഗതവകുപ്പിന്റെ രണ്ടു ബോട്ടുകളും, മൂന്നു വാട്ടര്‍ ആംബുലന്‍സും, രണ്ട് അഗ്നിശമനസേനാ ബോട്ടുകളും ഉപയോഗിച്ച് ഇവിടെയുള്ളവരെ ആലപ്പുഴ നഗരത്തിലെ എസ്ഡിവി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കൈനകരിയിലെ പാടശേഖരങ്ങളിലെ മടവീഴ്ച ആലപ്പുഴ നഗരത്തിന്റെ കിഴക്കന്‍പ്രദേശങ്ങളെയും വെള്ളത്തില്‍ മുക്കി.
ഇതുവരെ പത്തോളം പാടശേഖരങ്ങളിലാണ് മടവീഴ്ചയുണ്ടായത്. ചെറുതന കൃഷിഭവന്‍ പരിധിയില്‍ കോഴികുഴി, മാടയനാരി, തകഴി കൃഷിഭവന്‍ പരിധിയില്‍ ചെത്തിക്കളം, വേഴപ്ര പടിഞ്ഞാറ്, മണ്ണഞ്ചേരി കൃഷിഭവന്‍ പരിധിയില്‍ തെക്കെകരി, കരുവാറ്റ കൃഷിഭവന്‍ പരിധിയില്‍ വാഴങ്കേരി എന്നിവിടങ്ങളിലാണ് മടവീണത്. അറുനൂറോളം ഹെക്ടറിലെ നെല്‍കൃഷിയാണ് നശിച്ചത്. ഇന്നലെ ഒടുവില്‍ പുളിങ്കുന്നിലെ വടക്കേക്കരി മാടത്തന്‍കരിയില്‍ മടവീണ് 152 ഹെക്ടര്‍ കൃഷി നശിച്ചു. അപ്പര്‍കുട്ടനാട്ടിലടക്കം പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്. ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ ഭാഗികമായാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്.
ഇടറോഡുകളിലെ സര്‍വീസ് പൂര്‍ണമായും നിലച്ചു. അമ്പലപ്പുഴ-തിരുവല്ല റോഡിലൂടെ മാത്രമാണ് നിലവില്‍ ബസ് സര്‍വീസുള്ളത്. എ-സി റോഡില്‍ ഭാഗികമായാണ് കെഎസ്ആര്‍ടിസി സര്‍വീസുള്ളത്. ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസുകള്‍ മാത്രമാണ് ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് ആശ്രയം. അതിരൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടാകില്ലെന്ന് അധികൃതര്‍ പ്രഖ്യാപിക്കുമ്പോഴും ജനങ്ങള്‍ അവശ്യസാധനങ്ങളുമായി വീടൊഴിയുന്ന കാഴ്ചയാണുള്ളത്. കുട്ടനാട്ടില്‍ കഞ്ഞിവീഴ്‌ത്തല്‍ കേന്ദ്രങ്ങളും ആരംഭിച്ചു.
കഴിഞ്ഞ മഹാപ്രളയത്തില്‍ വന്‍നാശത്തിനിരയായ ചെങ്ങന്നൂരിലും തുരുത്തുകളില്‍ നിന്നും മറ്റും കുടുംബങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. ആറിന്റെ തീരങ്ങളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ നിരവധി കുടുംബങ്ങള്‍ വീടൊഴിഞ്ഞു. ജില്ലയില്‍ അയ്യായിരത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.
















