പതിനാറാമത്തേതായ ഈ അധികരണത്തില്‍ രണ്ട് സൂത്രമുണ്ട്. ജീവന്റെ കര്‍തൃത്വത്തെ തുടര്‍ന്നും മറ്റൊരു വിധത്തില്‍ വിശകലനം ചെയ്യുന്നു.
സൂത്രം പരാത്തു തച്ഛ്രുതേ:
അവിദ്യയലിരിക്കുന്ന സമയത്ത് ജീവന് ഉണ്ടായ കര്‍തൃത്വം ഈശ്വരനെ അപേക്ഷിച്ചാണോ അതോ സ്വതന്ത്രമായതാണോ എന്നാണ് സംശയം. അതിനുള്ള സമാധാനമാണ് ഈ സൂത്രം.
ജീവന് ഈശ്വരനെ അപേക്ഷിക്കേണ്ട ആവശ്യമില്ല എന്നാണ് പൂര്‍വ്വ പക്ഷത്തിന്റെ വാദം. രാഗം, ദ്വേഷം എന്നിവയോടു കൂടിയവനും കാരകാദി സാധനാ സമ്പന്നനുമായതിനാല് മനുഷ്യന് സ്വയം പ്രവര്‍ത്തിക്കുന്നു. അവിദ്യക്ക് അധീനനായതിനാല് സത്കര്‍മ്മങ്ങളും ദുഷ്കര്‍മ്മങ്ങളും ചെയ്യുന്നു. ഇഷ്ടമില്ലെങ്കിലും ദുഷ്ട കര്‍മ്മങ്ങളുടെ ഫലവും ജീവന് അനുഭവിക്കുന്നുവെന്ന് പൂര്‍വ്വ പക്ഷം ചൂണ്ടിക്കാട്ടുന്നു.
ഈശ്വരനെ അപേക്ഷിച്ചിട്ടാണെന്ന് പറഞ്ഞാല്‍ മനുഷ്യനെ കൊണ്ട് ദുഷ്കര്‍മ്മം ചെയ്യിച്ച് നരക ഫലം അനുഭവിപ്പിക്കുന്നു എന്ന നിര്ദ്ദയകത്വമെന്ന ദോഷം സമദര്‍ശിയായ ഈശ്വരനുണ്ടാകും. അതിനാല്‍ കര്തൃത്വബുദ്ധി ഈശ്വരനെ അപേക്ഷിക്കാതെ സ്വയം ഉണ്ടാകുന്നതെന്ന് അവര്‍ വാദിക്കുന്നു.
എന്നാല്‍ ഈ വാദങ്ങളെ സൂത്രം തള്ളുന്നു. മനുഷ്യന് കര്‍മ്മങ്ങള്‍ ചെയ്യുന്നത് ഈശ്വര നിയുക്തനായാണ്.ശ്രുതിയില്‍ അങ്ങനെ പറഞ്ഞിട്ടുള്ളതിനാല്‍ അതാണ് പ്രമാണം. ജീവികളുടെ ധര്‍മ്മാധര്‍മ്മങ്ങളെ അപേക്ഷിച്ചാണ് കര്‍തൃത്വം നിശ്ചയിക്കുന്നത്. അതിനാല്‍ ഈശ്വരനില്‍ ദോഷങ്ങളില്ല. അജ്ഞാനത്തില്‍ കുടുങ്ങിയ ജീവന് ഈശ്വരനെ അപേക്ഷിച്ചുണ്ടാകുന്ന കര്‍തൃത്വം നേരായ വഴിയിലൂടെ ഉപയോഗിക്കാന്‍ കഴിയുന്നില്ല. അറിവില്ലായ്മയാല്‍ വഴിതെറ്റിപ്പോകുന്നു.അതു മൂലം ദുഷ്കര്‍മ്മങ്ങള്‍ ചെയ്ത് ദു:ഖമനുഭവിക്കുന്നു.
കൗഷീതകി ഉപനിഷത്തില്‍ ‘ഏഷ ഹ്യേവ……….. തം യമധോനിനീഷതേ’ ഏതൊരാളെ ഈ ലോകങ്ങളില്‍ നിന്ന് ഉയര്ത്തുവാനാഗ്രഹിക്കുന്നുവോ അയാളെ സത്കര്‍മ്മങ്ങളിലും ആരെ താഴ്ത്തുവാന്‍ വിചാരിക്കുന്നുവോ അയാളെ ദുഷ്കര്‍മ്മങ്ങളിലും ഏര്‍പ്പെടുത്തത് പരമേശ്വരന് തന്നെയാണ് എന്ന് പറയുന്നുണ്ട്.
സൂത്രം കൃതപ്രയത്നാപേക്ഷസ്തുവിഹിതപ്രതിഷിദ്ധാവൈയര്ത്ഥ്യാദിഭ്യ:
എന്നാല്‍ മുമ്പ് ചെയ്തിട്ടുള്ള കര്‍മ്മങ്ങളെ അപേക്ഷിച്ചാണ് ഈശ്വരന് പ്രവര്‍ത്തിക്കുന്നത്. വിധി, നിഷേധം,വ്യര്ത്ഥമാകാതിരിക്കല് എന്നിവ കൊണ്ട് അത് തെളിയുന്നു.
ഈശ്വരനില്‍ നിന്നാണ് കര്തൃത്വമുണ്ടാകുന്നതെങ്കിലും മനുഷ്യന് ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ഈശ്വരന് ഉത്തരവാദിയല്ല.തന്റെ പൂര്‍വ്വ വാസനകള്‍ക്കനുസരിച്ചാണ് ഒരോരുത്തരുടേയും കര്‍മ്മം. അതിനനുസരിച്ച് ഈശ്വരന് നിയന്ത്രിക്കുന്നുവെന്ന് മാത്രം.
വിധി, നിഷേധം എന്നിവയിലൂടെ ധര്‍മ്മത്തേയും അധര്‍മ്മത്തേയും ശാസ്ത്രം നിശ്ചയിച്ചിട്ടുണ്ട്. ‘സ്വര്‍ഗകാമോയജേത ‘ സ്വര്‍ഗ്ഗത്തെ ആഗ്രഹിക്കുന്നയാള് യാഗം ചെയ്യണമെന്നത് വിധിയാണ്. ‘ ബ്രാഹ്മണോ ന ഹന്തവ്യ: ‘ ബ്രാഹ്മണനെ വധിക്കരുത് എന്നത് നിഷേധം. ഇങ്ങനെ ചെയ്യേണ്ടതായ ധര്‍മ്മത്തേയും അരുതാത്തതായ അധര്‍മ്മത്തേയും പറഞ്ഞിരിക്കുന്നു.ഇത് വ്യര്‍ത്ഥമാകാതിരിക്കാന്‍ ഒരോ കര്‍മ്മങ്ങളില്‍ ഈശ്വരന് ജീവികളെ ചുമതലപ്പെടുത്തുന്നു എന്ന് ശ്രുതി പറയുന്നു. അതിനാല്‍ കര്‍മ്മഫല അനുഭവത്തിന് ഈശ്വരനല്ല കാരണം, നമ്മളോരോരുത്തരുമാണ്.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: