തിരുവനന്തപുരം: മൂല്യനിര്‍ണ്ണയ വേളയില്‍ യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ത്ഥികളുടെ കോപ്പിയടി റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടിയില്ല. 2016-19 പൊളിറ്റിക്കല്‍ സയന്‍സ് ബാച്ചിലെ മൂന്നു വിദ്യാര്‍ഥികളുടെ മൂന്നാം സെമസ്റ്റര്‍, പബ്ലിക് ഫിനാന്‍സ് പരീക്ഷയില്‍ കോപ്പിയടി നടന്നതായാണു മൂല്യനിര്‍ണയച്ചുമതലയുള്ള അധ്യാപകന്‍ റിപ്പോര്‍ട്ട് ചെയ്തത്.
എല്ലാ ഉത്തരങ്ങളും സമാനമാണെന്നും അവസാന പേജുകളിലെ ഉത്തരങ്ങള്‍ വ്യത്യസ്ത കൈയക്ഷരത്തിലാണെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടും സര്‍വകലാശാല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹാളില്‍ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനിയുടെ ഉത്തരങ്ങളാണു സപ്ലിമെന്ററി പരീക്ഷയെഴുതിയ വിദ്യാര്‍ഥിനേതാക്കള്‍ കോപ്പിയടിച്ചത്.
സമ്മര്‍ദത്തിനു വഴങ്ങി, വിദ്യാര്‍ഥിനിതന്നെ നേതാക്കളുടെ ഉത്തരക്കടലാസില്‍ പകര്‍ത്തിയെഴുതി കൊടുത്തതായാണു സൂചന. കോപ്പിയടി റിപ്പോര്‍ട്ട് ചെയ്താല്‍ നിയമാനുസൃതം തുടര്‍നടപടി സ്വീകരിക്കേണ്ടതു സിന്‍ഡിക്കേറ്റാണ്. എന്നാല്‍ പരീക്ഷാവിഭാഗം ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സിന്‍ഡിക്കേറ്റ് മൗനം ഭജിച്ചു.
















