തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തില്‍ ആഴ്‌ത്തിയ മഴയുടെ ശക്തി ഇന്നത്തോടെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയില്‍ വെള്ളത്തില്‍ മുങ്ങിയ പല പ്രദേശങ്ങളിലും ശനിയാഴ്‌ച്ച രാത്രിയോടെ വെള്ളമിറങ്ങി തുടങ്ങി. എങ്കിലും കനത്ത ജാഗ്രത തുടരുകയാണ്. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം എറണാകുളം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. വയനാട്ടില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. പെരിയാറിലും ചാലക്കുടി പുഴയിലും ജലനിരപ്പ് താഴ്ന്നു തുടങ്ങി. കോട്ടയത്ത് മഴ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയാണ്.
പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ എറണാകുളം ജില്ലയിലെ ദുരിത ബാധിത മേഖലകളില്‍ നിന്നും ആളുകള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. എന്നാല്‍ പറവൂരിലടക്കം എറണാകുളത്തിന്റെ താഴ്ന്ന മേഖലകളില്‍ ഇപ്പോഴും വെള്ളക്കെട്ടുകള്‍ രൂക്ഷമാണ്.
സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 68 ആയി. മലപ്പുറം 19, കോഴിക്കോട് 14, വയനാട് 10 എന്നീ ജില്ലകളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് 1318 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,65,519 പേരാണ് കഴിയുന്നത്. മഴയുടെ ശക്തി കുറയുന്നതോടെ കവളപ്പാറയും പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിമക്കാമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍. കനത്ത നാശ നഷ്ടം വിതച്ച വയനാട്ടിലും മലപ്പുറത്തും സൈന്യത്തിന്റെ നേതൃത്വത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.
മണ്ണിടിച്ചിലില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞ പുത്തുമല ഉള്‍പ്പെട്ട വൈത്തിരി താലൂക്കിലായിരുന്നു ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ജില്ലയുടെ മൊത്തം മഴയുടെ അളവിലും കടന്ന് ഇവിടെ മാത്രം 285 എം.എം മഴ പെയ്തു. മാനന്തവാടി താലൂക്കില്‍ 243 എം.എം ആയിരുന്നു മഴ. ബത്തേരി താലൂക്കില്‍ 203 എം.എം. മഴയാണ് പെയ്തത്. 167 ദുരിതാശ്വാസ ക്യമ്പുകളിലായി 21211 പേരെ ഈ സമയത്ത് മാറ്റിപ്പാര്‍പ്പിച്ചു. മഴ കുറഞ്ഞ സാഹചര്യത്തില്‍ ബാണസുര സാഗര്‍, കാരാപ്പുഴ അണക്കെട്ടിനു താഴെയുള്ള പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ ശാന്തമാണ്.
ബാണാസുര ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ തുറന്നതിലൂടെ 1.565 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കാരാപ്പുഴയുടെ മൂന്നു ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതം തുറന്നു 35.83 ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കബനി റിസര്‍വോയിറിലൂടെ മൈസൂരിലേക്കും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുടുതല്‍ വെള്ളം ഒഴുക്കി വിടുന്ന സാഹചര്യത്തില്‍ നിലവില്‍ അനുഭവപ്പെടുന്ന വെള്ളംകെട്ടിന് പരിഹാരമാവുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
















