കൊച്ചി: സംസ്ഥാനത്ത് ഇടയ്‌ക്കിടെയുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങള്‍ക്ക് കാരണം അനിയന്ത്രിതമായ ഖനന പ്രവര്‍ത്തനളെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പ്രളയകാലത്തുണ്ടായ ഉരുള്‍പൊട്ടലിനു ശേഷവും ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു വിധത്തിലുമുള്ള നിയന്ത്രണങ്ങളും കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഇത്തവണത്തെ ഉരുള്‍പ്പൊട്ടലുകള്‍ക്കുള്ള കാരണവും പിണറായി സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കാത്തതാണെന്നും റിപ്പോര്‍ട്ടുണ്ട്.
2015ല്‍ പ്രകടനപത്രികയില്‍ എല്‍ഡിഎഫ് പറഞ്ഞിരുന്നത് ആറുമാസത്തിനകം സ്വകാര്യമേഖലയിലെ ഖനനം നിരോധിക്കുമെന്നാണ്. കഴിഞ്ഞ പ്രളയം പഠിപ്പിച്ച പാഠനമെങ്കിലും ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കണമായിരുന്നു എന്നാല്‍ ഖനന നിയന്ത്രണത്തിനു മൈനിങ് വകുപ്പ് തയാറായിരുന്നില്ല. എന്നാല്‍ വെള്ളിയാഴ്ച മലപ്പുറത്തെ കവളപ്പാറയില്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടലുണ്ടായതോടെയാണ് ഖനനത്തിനു സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നത്.
ഖനനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനം പാലിക്കാതെ ഇത് പുര്‍ണ്ണമായും പൊതുമേഖലയില്‍ ആക്കുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. പരിസ്ഥിതി ആഘാതപഠനമില്ലാതെ ഖനനാനുമതി നല്‍കരുതെന്ന സുപ്രീം കോടതി വിധി മറികടന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനു പുറമേ ദൂരപരിധിയില്‍ പോലും ഇളവുനല്‍കി ക്വാറിമാഫിയയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
കൃഷിയോഗ്യമല്ലാത്ത ഭൂമി കാര്‍ഷിക യോഗ്യമാക്കാനും വാസയോഗ്യമല്ലാത്ത സ്ഥലം താമസ യോഗ്യമാക്കാനും ഖനനം നടത്താമെന്നാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. ഇതനുസരിച്ച് ഒരു വില്ലേജ് ഓഫീസറും കൃഷി ഓഫീസറും അനുകൂല സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ ഏതുസ്ഥലവും വാസയോഗ്യമല്ലെന്നും കൃഷിയോഗ്യമല്ലെന്നും കണക്കാക്കാം.
ഇത് വിവാദമായതോടെ സംസ്ഥാന സര്‍ക്കാര്‍ ക്വാറികളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസില്‍ കേരള സര്‍ക്കാര്‍ നല്‍കാന്‍ പോകുന്ന അപ്പീലിന്മേല്‍ കോടതിവിധിക്ക് വിധേയമായിരിക്കും ഈ ഉത്തരവെന്ന് ഒരു വാചകം എഴുതിച്ചേര്‍ത്തു. വിധിവരുംവരെ ഖനനം നിര്‍ബാധം തുടരാമെന്ന പച്ചക്കൊടിയാണ് സര്‍ക്കാരിന്റെ ഈ പ്രവര്‍ത്തിമൂലം ഉണ്ടായിരിക്കുന്നതെന്ന് പരിസ്ഥിതി ഏകോപനസമിതി കണ്‍വീനര്‍ ജോണ്‍ പെരുവന്താനം വ്യക്തമാക്കിയിട്ടുണ്ട്.
















