തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാവുകയും ഒരുലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുമ്പോഴും ഭക്ഷണം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ആവശ്യമില്ലെന്ന് കാട്ടി തിരുവനന്തപുരം കളക്ടറുടെ വീഡിയോ സന്ദേശം. ശനിയാഴ്ച വൈകിട്ട് ഫെയ്‌സ്ബക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് കളക്ടര്‍ ഗോപാലകൃഷ്ണന്‍ ഇക്കാര്യം പറയുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സഹായങ്ങള്‍ ആവശ്യമില്ലെന്നും കരുതിയിരുന്നാല്‍ മതിയെന്നുമായിരുന്നു കളക്ടരുടെ നിര്‍ദേശം.സഹായം വേണമെങ്കില്‍ ഒന്ന് രണ്ട് ദിവസങ്ങള്‍ക്കുശേഷം ശേഖരിച്ചാല്‍ മതിയെന്നുമാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. നിലവില്‍ ദുരിതം ബാധിച്ച വയനാട്ടിലെയും മലപ്പുറത്തേയും ഉള്‍നാടുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടും കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള ഒരു നിലപാടിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രളയം ബാധിച്ചിട്ടുള്ള ജനങ്ങള്‍ ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണത്തിനും വസ്ത്രത്തിനും മരുന്നുകള്‍ക്കുമായി എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുന്നു. എന്നാല്‍ തലസ്ഥാന ജില്ലയിലെ കളക്ടറാണ് ഇതൊന്നും തല്‍ക്കാലം ശേഖരിക്കേണ്ട എന്ന് പറയുന്നത്.
തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് നിലവില്‍ മഴക്കെടുതി ബാധിക്കാത്തത്. അതുകൊണ്ട് തന്നെയായിരിക്കണം ഗോപാല കൃഷ്ണന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതിന് പിന്നിലും. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേകാലത്ത് കേരളം പ്രളയം കൊണ്ട് വലഞ്ഞപ്പോഴും തിരുവനന്തപുരത്തെ ബാധിച്ചിരുന്നില്ല.
എന്നാല്‍ അന്ന് പ്രളയ ബാധിത മേഖലയിലേക്ക് വന്‍ തോതിലാണ് ദുരിതാശ്വാസ സാധനങ്ങള്‍ തിരുവനന്തപുരത്തുന്നിന്നും കൊണ്ട് പോയിരുന്നത്. അന്നത്തെ കളക്ടര്‍ ഡോ. വാസുകിയുടെ ഇടപെടലും വലിയ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. അതേസാഹചര്യത്തിലാണ് ഗോപാലകൃഷ്ണന്‍ വിരുദ്ധമായ നിലപാട് എടുത്തിരിക്കുന്നത്.
















