കോഴിക്കോട്: സംസ്ഥാനത്ത് മഴയുടെ ശക്തികുറയുന്നു.ശനിയാഴ്ച വൈകിട്ട് മുതല്‍തന്നെ വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ പലയിടത്തും മഴയുടെ ശക്തികുറഞ്ഞിരുന്നു. കനത്തമഴയില്‍ വെളളത്തില്‍ മുങ്ങിയിരുന്ന നിലമ്പൂരിലെ പല പ്രദേശങ്ങളിലും ശനിയാഴ്ച രാത്രിയോടെ വെള്ളമിറങ്ങി തുടങ്ങി.
ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം പുനാരാരംഭിച്ചു. അതിനിടെ കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 63 ആയി. ഇതുവരെ ഒന്‍പത് പേരുടെ മൃതദേഹങ്ങളാണ് കവളപ്പാറയില്‍നിന്ന് കണ്ടെടുത്തത്. കാലാവസ്ഥ അനുകൂലമായാല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എന്നാല്‍ ഒരാഴ്ചയോളം ശ്രമിച്ചാലും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനാകുമോ എന്നതിലും ആശങ്കയുണ്ട്. വാണിയമ്പുഴയില്‍ കുടുങ്ങിയ 200-ഓളം പേരെ പുറത്തെത്തിക്കാനുള്ള ശ്രമം സൈന്യത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
കനത്തമഴയില്‍ കനത്ത നാശനഷ്ടമുണ്ടായ വയനാട്ടിലും രാവിലെ തെളിഞ്ഞ ആകാശമാണ്. ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയില്‍ ഞായറാഴ്ചയും രക്ഷാപ്രവര്‍ത്തനം തുടരും. ഇനി ഒമ്പതുപേരെ ഇവിടെനിന്ന് കണ്ടെടുക്കാനുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ശനിയാഴ്ച രാത്രിമുതല്‍ വയനാട്ടില്‍ തോരാമഴയില്ല എന്നതും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശ്വാസംനല്‍കുന്നു.
വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ ജാഗ്രതപുലര്‍ത്താനും മുന്‍കരുതല്‍ തുടരാനും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
വടക്കന്‍ കേരളത്തിലേക്കുള്ള ട്രെയിന്‍ ഗതാഗതം മൂന്നാം ദിവസവും സ്തംഭിച്ചു. ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും കോട്ടയം വഴിയുള്ള ട്രെയിനുകള്‍ പലതും ഇന്നലെ നാലും അഞ്ചും മണിക്കൂറുകള്‍ വൈകി. മൊത്തം 18 ട്രെയിനുകളാണ് ഇന്നലെ റദ്ദാക്കിയത്. ആലപ്പുഴ ചങ്ങനാശേരി റോഡില്‍ വെള്ളം കയറി. ഇടുക്കിയില്‍ ഇന്നലെ മാത്രം ആറടി വെള്ളമാണ് കൂടിയത്.
തീരപ്രദേശങ്ങളില്‍ പലയിടങ്ങളിലും അതി ശക്തമായ കടലാക്രമണവും ഉണ്ട്. വെള്ളം കയറിയതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച നെടുമ്പാശേരി വിമാനത്താവളം ഇന്ന് ഉച്ചയ്‌ക്ക് 12 മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കും.
















