കേട്ട പാട്ടുകള്‍ മധുരം, കേള്‍ക്കാനുള്ളവ അതിമധുരം എന്നു പറയാറുണ്ട്. അതുപോലെയാണ് മറ്റു ചിലതും. ഓര്‍മകള്‍, അനുഭവങ്ങള്‍, സംഭവഗതികള്‍…. തുടങ്ങി പലതിലും ഇത്തരം മധുരം ഒളിഞ്ഞുകിടക്കുന്നു. കൃതഹസ്തനായ വെണ്ണല മോഹന്റെ “’പറയാന്‍ ബാക്കിവെച്ചത്’ എന്ന പുസ്തകം അനുഭവിപ്പിച്ചു തരുന്നതും ഈയൊരു മധുരമാണ്. എന്തോ പറയാന്‍ ബാക്കിവെച്ച്, ഇങ്ങിനി വരാത്തവിധം കടന്നുപോയവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്തൊക്കെയോ എവിടെ നിന്നൊക്കെയോ കൊളുത്തിവലിക്കുംപോലെ തോന്നും.
നിരന്തരമായ യാത്രയാണ് ജീവിതം എന്നാണല്ലോ പറയാറ്. ആ യാത്രയില്‍ നമുക്കിഷ്ടമുള്ളവരെയും അല്ലാത്തവരെയും കാണും. ചിലര്‍ ആരും പറയാതെ നമ്മുടെ ഹൃദയത്തിലേക്ക് കയറിവരും.നാം പോലും അറിയാതെ അവര്‍ നാമായി മാറുകയും ചെയ്യും. അങ്ങനെയുള്ളവര്‍ ഏതെങ്കിലും പുലര്‍ച്ചയില്‍, പ്രഭാതത്തില്‍, സായന്തനത്തില്‍, പാതിരാത്രിയില്‍ നമ്മെ വിട്ടുപിരിയുമ്പോള്‍ ഉളള അനുഭവം ഓര്‍ത്തെടുത്തു നോക്കൂ. വല്ലാത്തൊരു വേദനയുടെ അഗ്നികുണ്ഡത്തില്‍ പതിച്ചതുപോലെയുണ്ടാവില്ലേ ? ആ വിങ്ങലില് എന്തു ചെയ്യണമെന്നു പോലും നമുക്ക് നിശ്ചയമുണ്ടാവില്ല.
ഇവിടെ വെണ്ണല മോഹന്‍ അത്തരം അനുഭവങ്ങളാണ് ഹൃദയസ്പൃക്കായി വരച്ചിടുന്നത്. അതിസുന്ദരമായ ഒരു ഭാഷ മോഹന്റെ വ്യക്തിത്വം പോലെ തന്നെ നമ്മെ ഹഠാദാകര്‍ഷിക്കും. അദ്ദേഹം ചൂണ്ടിക്കാട്ടുന്ന ചില സംഗതികളിലൂടെ നാം അറിയാതെ വ്യാപരിച്ചുപോകും. അത്രയ്ക്കും ആത്മാര്‍ത്ഥവും ആര്‍ദ്രവുമാണ് വിവരണങ്ങള്‍. ഒട്ടും മുഷിയാതെ, രാഗാര്ദ്രമായൊഴുകുന്ന കല്ലോലിനി പോലെ അതങ്ങനെ കുണുങ്ങിക്കുണുങ്ങി നമ്മുടെ മുമ്പിലൂടെ പോവുകയാണ്. ഒരുവേള നമുക്കൊരു കൈക്കുടന്നയില്‍ അതില്‍ നിന്ന് കുറച്ചെടുത്ത് മുഖം കഴുകാം, ദാഹം തീര്‍ക്കാം. തീര്‍ത്ഥ സമാനമാണത്. കാരണം അതിലൊക്കെ ഒരു ജീവിതം തുടിച്ചുതുള്ളുന്നുണ്ട്. ആ തുടിപ്പിലെ ഊഷ്മളത നമ്മുടെ ഹൃദയം ഏറ്റുവാങ്ങുന്നുണ്ട്.
ഡോണ്‍ ബുക്സ് പുറത്തിറക്കിയ പുസ്തകത്തില്‍ 29 അദ്ധ്യായങ്ങളാണുള്ളത്. ‘മരണം വന്ന വഴികള്‍’ മുതല്‍ ‘താന്താന് നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍’ വരെ 148 പേജിലായി അത് സ്വാസ്ഥ്യം കൊണ്ടുറങ്ങുന്നു. ആദ്യ പേജ് മുതല്‍ അവസാന പേജ് വരെ വായിച്ചുപോവുമ്പോള്‍ അനുഭവ തീക്ഷ്ണമായ ജീവിതത്തിന്റെ പലപല മുഖങ്ങള്‍ നമുക്കു മുമ്പില്‍ ഇതള്‍ വിരിയുകയാണ്. പലതും നാം ജീവിതത്തില്‍ അനുഭവിച്ചതു തന്നെ. അതു തന്നെയാണ് അതിന്റെ ശക്തിയും സൗന്ദര്യവും. എന്തോ പറയാന്‍, അന്വേഷിക്കാന്‍, തിരക്കാന്‍, തീര്‍ച്ചപ്പെടുത്താന്‍, ഓര്മപ്പെടുത്താന് ഒക്കെ കരുതിയിരുന്നവര്‍ ഒരു നിമിഷം കൊണ്ട് നമ്മുടെ കണ്മുന്നില് നിന്ന് മറയുമ്പോള്‍ എന്തായിരിക്കും സ്ഥിതി? ആ സ്ഥിതിയുടെ നേരറിവുകളിലേക്കാണ് മോഹന്‍ ഓരോരുത്തരെയും കൈപിടിച്ചാനയിക്കുന്നത്.
ഓര്‍മയും അനുഭവവും അതിന്റെ സകല താരള്യത്തോടെയും പാലില്‍ വെണ്ണയെന്ന പോലെ നമുക്ക് കാണാനാവും. സത്യവും വസ്തുതയും ചിലപ്പോള്‍ കഥയേക്കാള്‍ വിഭ്രമാത്മകമായി നമ്മെ പിന്തുടരും.
അത് എങ്ങനെയാണെന്ന് ‘പറയാന്‍ ബാക്കിവെച്ചത്’ വ്യക്തമായി ചൂണ്ടിക്കാണിച്ചു തരുന്നുണ്ട്. വാക്കും അര്‍ത്ഥവും പാര്വതീപരമേശ്വരന്മാരെപോലെയാവണമെന്ന് പറയാറുണ്ട്. അത്രമാത്രം ഇഴയടുപ്പമുണ്ടെങ്കിലേ ജീവിതത്തിന്റെ ശാദ്വല തലങ്ങള്‍ നമുക്ക് അനുഭവിക്കാന്‍ കഴിയൂ. അക്കാര്യത്തില്‍ വെണ്ണല മോഹന്‍ അനുഗൃഹീതനാണ്.
ഓര്‍മയ്ക്കും അനുഭവത്തിനും തിടംവെച്ചു തുള്ളാന്‍ പര്യാപ്തമായ തരത്തിലാണ് അദ്ദേഹം ഭാഷ ഉപയോഗിച്ചിരിക്കുന്നത്. ഓരോ അധ്യായത്തിനൊടുവിലും ഒരു നുറുങ്ങുകഥ എന്ന ശീര്‍ഷകത്തില്‍ ഗുണപാഠമെന്നു തോന്നിക്കുന്ന തരത്തില്‍ നാലഞ്ചു വരിയുണ്ട്. കുട്ടികള്‍ വല്ലതും കണ്ട് പേടിച്ചുകരയുമ്പോള്‍ അമ്മമാര്‍ (ഇന്നത്തെ ന്യൂജന്‍ അമ്മമാരല്ല) പെട്ടെന്നൊരടി കൊടുക്കും.
അവന്റെ മനസ്സില്‍ നേരത്തെ കണ്ട എന്തെങ്കിലും ദൃശ്യമോ കേട്ട ശബ്ദമോ കുടിയേറിയിരിക്കരുത് എന്ന് കരുതിയുള്ള മനശ്ശാസ്ത്ര ചികിത്സ തന്നെയാണത്. ഏതാണ്ട് അതേ അനുഭവമാണ് അധ്യായങ്ങള്ക്കൊടുവിലെ നുറുങ്ങുകഥയിലൂടെ വെണ്ണല മോഹനും വായനക്കാര്‍ക്ക് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: