വാല്മീകി രാമായണത്തിലെ സുപ്രധാന സംഭവങ്ങളാകവേ സംവിധാനം ചെയ്തിരിക്കുന്നത് മഹര്ഷിമാരാണ്. ഉചിത സന്ദര്‍ഭങ്ങളില്‍ പ്രത്യക്ഷപ്പെട്ട് അനാസക്തവും അര്‍ഥപൂര്‍ണവുമായ മൊഴികളാല് ഉണര്‍ത്തുകയാണ് ഇതിഹാസ നായകനെ ഇവര്‍. ധര്മവിഗ്രഹത്തെ ഉടയാതെ എക്കാലവും സംരക്ഷിച്ചു പോരുന്നവര്‍ ഋഷിമാര്‍ തന്നെ. കവിഹൃദയം മാത്രമല്ല ഋഷിമനസ്സും ആദികവിക്ക് അവകാശപ്പെട്ടത്.
ഭരദ്വാജന് മുതല്‍ അഗസ്ത്യന് വരെയുള്ള ഋഷിമാരുടെ ഉപചാരവും ഉപദേശവുമാണ് യഥാര്‍ഥത്തില്‍ ശ്രീരാമനെ രാവണവധത്തിനു പ്രാപ്തനാക്കിയതെന്നു നമുക്കു പറയാം. ആര്യധര്‍മങ്ങള്‍ പറയുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത തപഃ സ്വാധ്യായനിരതരായ മനസ്വിനിമാരേയും ഈ ശ്രേണിയില്‍ നമുക്കുകാണാം. ബാലകാണ്ഡത്തില്‍ വിശ്വാമിത്രന്, ഇതിഹാസത്തില്‍ മുഴുനീള വേഷമണിയുന്ന വസിഷ്ഠന്, ത്രിഭുവനങ്ങളിലോടി നടന്ന് ഇണക്കുബന്ധം സൂക്ഷിക്കുന്ന നാരദന് എന്നിവരെ നമുക്ക് മാറ്റി നിര്‍ത്താം. കാരണം ഇവരെല്ലാം പ്രസിദ്ധരും പ്രഗത്ഭരും.
ആര്യധര്‍മങ്ങള്‍ വിളംബരം ചെയ്യുന്ന ഒരുപറ്റം ആശ്രമനിവാസികളെ ആരണ്യകാണ്ഡത്തില്‍ നാം പരിചയപ്പെടുന്നു. രാമാവതാരത്തിന്റെ പൊരുള്‍ ആദ്യമായി നമ്മെ അറിയിക്കുന്നത് ഭരദ്വാജനത്രെ. ഭരദ്വാജാശ്രമത്തില്‍ വനയാത്രാവേളയിലെത്തിയ സീതാരാമലക്ഷ്മണനോട് മുനി ഇങ്ങനെ പറയുന്നു; അയോധ്യാകാണ്ഡത്തിന്റെ അവസാനം:
‘ഞാനറിഞ്ഞേന്‍ പരമാത്മാ
ഭവാന് കാര്യമാനുഷനായിതു
മായയാഭൂതലേബ്രാഹ്മണാ പണ്ടു
സംപ്രാര്ഥിതനാകയാല്
ജന്മമുണ്ടായതു
യാതൊന്നിനെന്നതും…’
തുടര്‍ന്ന് ചിത്രകൂടാചലത്തിലെ ആശ്രമത്തില്‍ വാല്മീകി മഹര്‍ഷിയുടെ ആതിഥ്യം സ്വീകരിക്കുന്ന സീതാരാമന്മാരെയാണ് നാം കാണുക. ശ്രീരാമന് മഹാവിഷ്ണുവിന്റെ അവതാരം തന്നെയെന്നത് ഉറപ്പോടെ പറയുന്നത് അത്രിമഹര്‍ഷിയും.
‘.. ഭവാനഹോ
നാരായണനായതെന്നറി-
ഞ്ഞേനഹം
നിന്മഹാമായ ജഗത്രയവാസിനാം
സമ്മോഹകാരിണിയായതു
നിര്‍ണയം’
ആര്യപുത്രന്റെ കൂടെ വനത്തിലേക്ക് പുരീവാസമുപേക്ഷിച്ച് സീത പുറപ്പെട്ടതില്‍ ആര്‍ക്കാനുമെങ്കിലും മുറുമുറുപ്പുണ്ടായെങ്കില് അതിനെ ഭസ്മീകരിക്കയാണ് അത്രിപത്നിയായ അനസൂയയുടെ വാക്കുകള്‍.
‘നന്നു പാതിവ്രത്യ മാ-
ശ്രിത്യ രാഘവന്
തന്നോടുകൂടെ നീ പോന്നതു-
മുത്തമം’
മഹാരണ്യത്തില്‍ രാമലക്ഷ്മണന്മാരും ജാനകിയും തുടര്‍ന്നെത്തുന്നത് താപസവരനായ ശരഭംഗന്റെ മന്ദിരത്തിലാണ്. സാമീപ്യം, സാലോക്യം, സാരൂപ്യം പിന്നീട് സായൂജ്യത്തിലൂടെ ശരഭംഗന്റെ ദേഹത്യാഗം. സര്‍വര്‍ത്തു രമണീയമായ സുതീഷ്ണാശ്രമം. അഗസ്ത്യ ശിഷ്യോത്തമന്റെ ആതിഥ്യം സ്വീകരിച്ചുകൊണ്ട് ശ്രീരാമചന്ദ്രന് ഇങ്ങനെ പറഞ്ഞു:
‘താപസോത്തമ! ഭവാനെന്നെ സേവിക്കമൂലം
പ്രാപിക്കുമല്ലൊ മമ സായൂജ്യം ദേഹനാശേ’
ഭഗവാന്റെ ഈ വാക്കുകള്‍ എല്ലാ ഭക്തര്ക്കുമായാണ്.
രാമചരിതത്തില്‍ അഗസ്ത്യ മഹര്‍ഷിക്ക് നിര്‍ണായക പങ്കാണുള്ളത്. ആരണ്യകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും മഹര്‍ഷിയുടെ സിദ്ധിയും സാധനയും വെളിപ്പെടുന്നു. ആരണ്യകാണ്ഡത്തിലെ അഗസ്ത്യസ്തുതി തത്വവിചാരം തന്നെ. യുദ്ധകാണ്ഡത്തില്‍ മഹര്‍ഷി അവതരിപ്പിക്കുന്ന ആദിത്യഹൃദയമന്ത്രങ്ങള്‍ സൗരോര്‍ജത്തെ ആസ്പദിച്ചുള്ള ശാസ്ത്രവിചിന്തനം തന്നെ. അഗസ്ത്യസ്തുതി ഇങ്ങനെ:
‘നടക്കുമ്പോഴുമിരിക്കു-
മ്പോഴുമൊരടേത്തു
കിടക്കുമ്പോഴും ഭുജിക്കു-മ്പോഴുമെന്നു വേണ്ടാ
നാനാകര്‍മങ്ങള്‍ അനുഷ്ഠി-ക്കുമ്പോള് സദാകാലം
മാനസേ ഭവദ്രൂപം
തോന്നേണം ദയാംബുധേ!’
9446442081
പ്രതികരിക്കാൻ ഇവിടെ എഴുതുക: