തിരുവനന്തപുരം: പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനായുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അവഗണിക്കരുതെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍ ശ്രദ്ധാപൂര്‍വ്വം പഠിച്ചാണ് ശുപാര്‍ശ മുന്നോട്ട് വെച്ചത്. ഈ നിര്‍ദേശങ്ങള്‍ ബാഹ്യ സമ്മര്‍ദത്താല്‍ ഇനിയും അവഗണിക്കുന്നത് കേരളത്തില്‍ അതിഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാക്കും. പ്രതിമാസ ഉപനിഷദ് ക്ലാസിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയം അപൂര്‍വ്വമായി മാത്രം ഉണ്ടാകുന്ന പ്രതിഭാസം എന്നാണ് എല്ലാവരും വിശ്വസിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ അതുപോലൊരു സ്ഥിതി വിശേഷം വീണ്ടും ഉണ്ടാകുകയാണ്. അതിന്റെ കാരണം എന്താണെന്ന് ഗൗരവപൂര്‍വ്വം അന്വേഷിച്ച് പരിഹാര നടപടികള്‍ സ്വീകരിക്കണം. അല്ലെങ്കില്‍ എല്ലാവര്‍ഷവും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത് കാണേണ്ടി വരും.
ചില സംഘടിത വോട്ടുബാങ്കുകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി രാഷ്‌ട്രീയക്കാര്‍ രാജ്യത്തിന്റെ താല്‍പ്പര്യം അവഗണിക്കുകയാണ്. അതിന്റെ ദുരവസ്ഥ അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരായ ജനങ്ങളാണ്. പ്രളയത്തില്‍ ദുഃഖമനുഭവിക്കുന്ന ജനങ്ങളുടെ കണ്ണീരൊപ്പാന്‍ കഴിയുന്ന എല്ലാസഹായങ്ങളുമായി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് സ്വാമി ചിദാനന്ദപുരി ആഹ്വാനം ചെയ്തു.
















