ന്യൂദല്‍ഹി: കഴിഞ്ഞ മഹാപ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയ 2047 കോടി രൂപയില്‍ 1,400 കോടി രൂപ പിണറായി സര്‍ക്കാര്‍ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. ഇത്രയധികം കോടി രൂപ കേരളത്തിന്റെ പക്കല്‍ ബാക്കിയുണ്ട്. അടിയന്തിര സഹായം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അപേക്ഷകളൊന്നും വന്നിട്ടില്ലെന്നും വി. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇത്രയധികം തുക കേരളത്തിന്റെ പക്കല്‍ ബാക്കിയുണ്ടായിട്ടും അടിയന്തിര ധനസഹായമായി 52.27 കോടി രൂപ ഇത്തവണയും കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയിട്ടുണ്ട്. നിലവില്‍ കേരളത്തിന് സാമ്പത്തിക പരാധീനതകളില്ലെന്ന് വ്യക്തമാണ്. ഇത്രയും തുക ചെലവഴിക്കാതെ കയ്യിലുള്ളതിനാലാവാം ഇത്തവണ കേന്ദ്രത്തിന് അപേക്ഷ നല്‍കാത്തത്.
സംസ്ഥാന ചീഫ് സെക്രട്ടറിയുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹം അവിടുത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച് വിവരം നല്‍കുന്നുണ്ട്. കേന്ദ്രആഭ്യന്തരവകുപ്പിനെ ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുമുണ്ട്. കേരളത്തിനുള്ള സഹായങ്ങള്‍ക്കായി കേന്ദ്ര ദുരിതനിവാരണ വിഭാഗവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേന്ദ്രആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായിക്കാണ് പ്രളയ ബാധിത സംസ്ഥാനങ്ങളുടെ ചുമതല. അദ്ദേഹവുമായി എല്ലാ ദിവസവും കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ച നടത്തുന്നുണ്ട്.
കേരളത്തില്‍ എന്‍ഡിആര്‍എഫിന്റെ 13 ടീമുകളിലായി 300 പേരും ആര്‍മിയുടെ 35 പേര്‍ വീതമുള്ള ആറു കോളവും ഇരുപത് പേര്‍ വീതമുള്ള മൂന്ന് എമര്‍ജന്‍സി ടാസ്‌ക് ഫോഴ്‌സും വ്യോമസേനയുടെ ഒരു ഹെലികോപ്റ്ററും തീരസംരക്ഷണ സേനയുടെ മൂന്നു ടീമുകളും മെഡിക്കല്‍ സര്‍വ്വീസ് കോറിലെ രണ്ടു ടീമുകളുമുണ്ടെന്നും സൈന്യത്തിന്റെ അധിക സഹായം സംസ്ഥാന സര്‍ക്കാര്‍ തേടിയിട്ടില്ലെന്നും വി. മുരളീധരന്‍ വ്യക്തമാക്കി.
















