നിലമ്പൂര്‍: പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് മലപ്പുറം കവളപ്പാറയില്‍ നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം ശനിയാഴ്ച പുനരാരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ 20 പ്രത്യേക സംഘം കവളപ്പാറയില്‍ എത്തിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പോലീസും ഒപ്പം രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്.
കരസേനയുടെ എഞ്ചിനീയറിങ് വിങ്ങിലെ 50 അംഗങ്ങളും നിലമ്പൂരില്‍ നിന്ന് കവളപ്പാറയിലെ ദുരന്ത ഭൂമിയിലേക്ക് തിരിച്ചിട്ടുണ്ടെന്നും പി.വി. അന്‍വര്‍ എംഎല്‍എ അറിയിച്ചു. പ്രദേശത്തു നിന്നും ഇതുവരെ 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ കവളപ്പാറയിലെ 57 പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. മുപ്പതോളം വീടുകള്‍ മണ്ണിനടിയിലാണ്.
ഒരു പ്രദേശമാകെ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന് പോയ അവസ്ഥയാണ് കവളപ്പാറയില്‍ ഉള്ളത്. ഇരുനില വീടുകള്‍ പോലും പുറത്ത് കാണാനാകാത്ത വിധം കല്ലും മണ്ണും വന്ന് മൂടിയിരിക്കുകയാണ്. ഒരു കിലോമീറ്ററോളം പൂര്‍ണ്ണമായും മണ്ണിനടിയിലായിരിക്കുകയാണ്.
കൂടാതെ മലപ്പുറം വാണിയമ്പലം മുണ്ടേരി വനമേഖലയില്‍ ഇരുന്നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. മണ്ണിടിച്ചിലും പുഴയിലെ ഒഴുക്ക് ശക്തമായതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ശക്തമായ മഴ മൂലം പ്രദേശത്ത് ഒറ്റപ്പെട്ടു പോയവര്‍ക്ക് അവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കാന്‍ തടസ്സം നേരിടുന്നുണ്ട്. അതിനാല്‍ ഹെലിക്കോപ്ടര്‍ ഉപയോഗിച്ച് ഭക്ഷണം പ്രദേശത്തേയ്‌ക്ക് എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
അതിനിടെ അട്ടപ്പാടി അഗളിയില്‍ കുടുങ്ങിയ പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെയും എട്ടുമാസം ഗര്‍ഭിണിയായ അമ്മയേയും, കുഞ്ഞിനേയും അതിസാഹസികമായി രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ദേശീയ ദുരന്തനിവാരണസേനയും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ഭവാനിപ്പുഴ രണ്ടായി തിരിയുന്ന അട്ടപ്പാടി പട്ടിമാളം കോണര്‍ തുരുത്തില്‍ ഇവരുടെ കുടുംബം കുടുങ്ങുകയായിരുന്നു. പുഴയ്‌ക്ക് കുറുകെ കയര്‍ കെട്ടിയ ശേഷം ഇവരെ സാഹസികമായി ഇക്കരെ കൊണ്ടിറക്കുകയായിരുന്നു. ആദ്യം അറുപതുകാരിയായ പഴനിയമ്മയെ നാട്ടുകാരും പോലീസും അഗ്‌നി രക്ഷസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. ശേഷം കുട്ടിയുടെ പിതാവിനെ കയര്‍ കൊണ്ട് ബന്ധിപ്പിച്ച ശേഷം കുട്ടിയെ അദ്ദേഹത്തിന്റെ നെഞ്ചോട് ചേര്‍ത്താണ് രക്ഷപ്പെടുത്തിയത്. അതിനുപിന്നാലെ ഗര്‍ഭിണിയായ യുവതിയേയും കയര്‍ ബന്ധിപ്പിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. മറുകരയില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ സജ്ജമായിരുന്നു. ഇവര്‍ എത്തിയ ഉടന്‍ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി.
















