വയനാട്: കനത്തമഴയില്‍ വന്‍ ദുരന്തമുണ്ടായ മേപ്പാടി പുത്തുമലയിലെ ഉരുള്‍പ്പൊട്ടല്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരം. അതിശക്തമായ മഴയും മണ്ണിടിച്ചിലും തുടരുകയാണ്. ഇതേത്തുടര്‍ന്ന് നാവികസേനയുടെ സഹായവും രക്ഷാപ്രവര്‍ത്തനത്തിന് തേടിയിട്ടുണ്ട്. ഉച്ചതിരിഞ്ഞ് നാവികസേന ഹെലികോപ്റ്ററുകള്‍ എത്തും.
സൈന്യത്തിനും എന്‍ഡിആര്‍എഫ് പ്രവര്‍ത്തകര്‍ക്കും വരെ പുത്തുമലയിലേക്ക് എത്തിച്ചേരാനാകാത്ത അവസ്ഥയായിരുന്നു. ശക്തമായ മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്. ഇതേത്തുടര്‍ന്നാണു ഹെലികോപ്റ്റര്‍ സഹായം ലഭ്യമാക്കുന്നത്. ആ പ്രദേശത്തേക്കുള്ള വഴിയില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. കഴിഞ്ഞ ദിവസം പ്രദേശത്ത് നിന്ന് വീണ്ടെടുത്ത മൃതദേഹങ്ങള്‍ പോലും ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. വെള്ളപ്പാച്ചിലിന് കുറുകെ വലിയ വടം വലിച്ചു കെട്ടി ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. നൂറ് ഏക്കറോളമാണ് ഉരുള്‍പ്പൊട്ടലില്‍ കുത്തിയൊഴുകിപ്പോയത്. കല്ലും മണ്ണും ചെളിയലും രണ്ടാള്‍പ്പൊക്കത്തില്‍ വരെ അടിഞ്ഞ് കൂടിയ പ്രദേശത്ത് നിന്നാണ് സൈന്യത്തിനും എന്‍ഡിആര്‍എഫ് സംഘത്തിനും ഫയര്‍ഫോഴ്‌സിനും എല്ലാം രക്ഷാ പ്രവര്‍ത്തനം തുടങ്ങേണ്ടത്.
അതേസമയം. സംസ്ഥാനത്ത് കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരണം 44 ആയി. മലപ്പുറത്തും കോഴിക്കോടും പത്ത് പേരും വയനാട്ടില്‍ ഒമ്പത് പേരുമാണ് മരിച്ചത്. വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി ഒരു ലക്ഷത്തോളം പേര്‍ കഴിയുന്നുണ്ട്. കേരളാ തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ടു ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ട്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
















