ഇടുക്കി: സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ ചെറിയ സംഭരണികളിലധികവും പരമാവധി സംഭരണ ശേഷിയിലെത്തിയെങ്കിലും വലിയ സംഭരണികള്‍ തല്ക്കാലം ഭീഷണിയാകില്ല. ഇടുക്കി, ഇടമലയാര്‍, പമ്പ, കക്കി സംഭരണികളാണ് വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള ശേഷി കൂടിയ പദ്ധതികള്‍.
ഇടുക്കിയില്‍ 29.86 ശതമാനം ആണ് വെള്ളമുള്ളത്. ഏതാണ്ട് 73 അടി വെള്ളം കൂടി ഉയരണം. സംസ്ഥാനത്തെ മൊത്തം സംഭരണ ശേഷിയുടെ പാതിയും ഇടുക്കിയുടെ സംഭാവനയാണ്. ഇപ്പോള്‍ 2333.12 അടിയാണ് ജലനിരപ്പ്. ഇടമലയാര്‍ 37%, പമ്പ, കക്കി 29% എന്നിങ്ങനെയാണ് ജലശേഖരം.
കഴിഞ്ഞ വര്‍ഷം ഇതേസമയം ഇവയെല്ലാം നിറഞ്ഞിരുന്നു. നിലവില്‍ മഴ തുടര്‍ന്നാലും വലിയ സംഭരണികള്‍ ഉടന്‍ തുറക്കേണ്ടി വരാനുള്ള സാധ്യതയില്ല. അതിശക്തമായ മഴ ദിവസങ്ങളോളം തുടര്‍ന്നെങ്കില്‍ മാത്രമേ പമ്പ, കക്കി എന്നിവ ഭീഷണിയാകാന്‍ സാധ്യതയുള്ളൂ. ഇടുക്കി ഇക്കാര്യത്തിലും സുരക്ഷിതമാണ്. കഴിഞ്ഞ ദിവസത്തെ നിലയില്‍ 10 ദിവസം വരെ മഴ ലഭിച്ചാലേ ഭയപ്പെടാനുള്ള സാഹചര്യം ഉണ്ടാകൂ. ഇടമലയാറും മുന്‍ വര്‍ഷത്തേക്കാള്‍ സുരക്ഷിതമാണ്.
അതേസമയം, ഡാമുകള്‍ തുറന്നതായുള്ള വ്യാജപ്രചാരണം സോഷ്യല്‍മീഡിയകളില്‍ സജീവമാണ്. ബോര്‍ഡിന്റെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗത്തില്‍പ്പെട്ട ചെറിയ സംഭരണികളെല്ലാം നിറഞ്ഞു. കെഎസ്ഇബിയുടെയും ജലസേചന വകുപ്പിന്റെയും മുപ്പതോളം ചെറിയ അണക്കെട്ടുകള്‍ ഇതുവരെ തുറന്ന്വിട്ടു കഴിഞ്ഞു. ഷോളയാര്‍-39 ശതമാനം, കുറ്റിയാടി-99, തരിയോട്-74, പൊന്മുടി-75, നേര്യമംഗലം-83, പൊരിങ്ങല്‍കുത്ത്-85, ലോവര്‍ പെരിയാര്‍-91, കുണ്ടള-30, മാട്ടുപ്പെട്ടി-21, ആനയിറങ്കല്‍-18 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്.
പാംബ്ലയില്‍ 45 സെ.മീ. മഴ
ഇന്നലെ പുലര്‍ച്ചെവരെ 24 മണിക്കൂറിനിടെ 45 സെ.മീ. മഴയാണ് ലോവര്‍ പെരിയാര്‍ (പാംബ്ല) അണക്കെട്ടില്‍ രേഖപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന മഴയാണിത്. തരിയോട്- 43.8, കുറ്റിയാടി- 34.7, പൊന്മുടി- 23.6, ഇടമലയാര്‍, പൊരിങ്ങല്- 22.5, പമ്പ- 20.2 സെ.മീറ്ററും മഴ രേഖപ്പെടുത്തി. ഏറ്റവും കുറവ് കക്കിയിലാണ്, 13.6 സെ.മീ.
ഒഴുകിയെത്തിയത് ഇരട്ടിവെള്ളം
അതിതീവ്ര മഴയില്‍ സംസ്ഥാനത്തെ സംഭരണിയിലേക്ക് ഒരു ദിവസത്തിനിടെ ഒഴുകിയെത്തിയത് കഴിഞ്ഞ വര്‍ഷം ഇതേസമയത്തേക്കാള്‍ ഇരട്ടിയിലധികം വെള്ളം. 344.972 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളമാണ് എട്ടിന് ഡാമുകളിലെത്തിയത്. ഇതോടെ മൊത്തം ജലശേഖരം ഒരു ദിവസംകൊണ്ട് ഏഴ് ശതമാനം ഉയര്‍ന്ന് 34.24ല്‍ എത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയം 166.516 ആയിരുന്നു.
വൈദ്യുതി ഉപഭോഗം ഇടിഞ്ഞു
മഴയും വൈദ്യുതി മുടക്കവും മൂലം വൈദ്യുതി ഉപഭോഗം കുത്തനെയിടിഞ്ഞു. 46.5 ദശലക്ഷം യൂണിറ്റാണ് വ്യാഴാഴ്ചത്തെ മൊത്തം ഉപഭോഗം, കഴിഞ്ഞ ദിവസം വരെ ഇത് 60ന് മുകളിലായിരുന്നു. കഴിഞ്ഞ പ്രളയകാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉപഭോഗമാണിത്. ഷോളയാര്‍, ഇടമലയാര്‍ പദ്ധതികളില്‍ നിന്നുള്ള ഉല്‍പ്പാദനം നിര്‍ത്തിയിരിക്കുകയാണ്. ഇടുക്കിയിലെ ഉല്‍പ്പാദനം കുറച്ചിട്ടുണ്ട്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത് തുടരുകയാണ്.
ഇടുക്കിയില്‍ കൂടിയത് എട്ടരയടി വെള്ളം
ഒരു ദിവസംകൊണ്ട് ഇടുക്കി ജലസംഭരണിയില്‍ ഉയര്‍ന്നത് 8.38 അടി വെള്ളം. കഴിഞ്ഞ വര്‍ഷം പ്രളയസമയത്ത് ഉണ്ടായതിന് സമാനമായ വര്‍ധനവാണിത്. ഇതേ തുടര്‍ന്ന് 2018 ആഗസ്റ്റ് ഒമ്പതിന് രാവിലെ ഇടുക്കിയും ഇടമലയാറും തുറന്നിരുന്നു. 2329.64 അടിയാണ് ഇന്നലെ രാവിലെ ഏഴിനുള്ള ജലനിരപ്പ്, 29.86%. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇത് 2398.40 അടിയായിരുന്നു. 19.12 സെ.മീ. മഴ രേഖപ്പെടുത്തിയപ്പോള്‍ 135.532 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. 1.419 ദശലക്ഷം യൂണിറ്റായിരുന്നു ഉല്‍പ്പാദനം. ഇടമലയാറില്‍ 143.62 മീറ്ററാണ് നിലവിലെ ജലനിരപ്പ്, മൊത്തം സംഭരണ ശേഷി 169 മീറ്ററാണ്. 22.483 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: