പത്തനംതിട്ട : കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി ഡോ. എം. മഹാപത്ര. ഇന്നു മുതല്‍ തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തിയില്‍ അയവ് വരും. വടക്കന്‍ കേരളത്തില്‍ തുടരുമെങ്കിലും മഴ അതിശക്തമായിരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. പ്രളയസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ റെഡ്, ഓറഞ്ച്, യെല്ലോ മുന്നറിയിപ്പുകള്‍ പാലിക്കണം.
ഒഡീഷ തീരത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദം കരയിലേക്കു കയറി പടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുമ്പോള്‍ കേരളത്തില്‍ മഴ ശക്തിപ്പെടുന്നത് പതിവാണ്. ഇതാണ് കേരളത്തില്‍ നിലവിലുണ്ടായ പ്രളയ സമാനാന്തരീക്ഷത്തിന് കാരണം. 12 ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരു ന്യൂനമര്‍ദം രൂപപ്പെടുന്നുണ്ട്. ഇത് പശ്ചിമ തീരത്തും മഴയ്‌ക്കു കാരണമാകും. കേരളത്തിലും മഴ ലഭിക്കും. എന്നാല്‍ ഇത് തീവ്രമാകാന്‍ സാധ്യത കുറവാണ്. കൂടാതെ ഈ ന്യൂനമര്‍ദ്ദം ഇത് വടക്കോട്ടു നീങ്ങി ബംഗാളിലാവും മഴയെത്തിക്കുക.
കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായ സാഹചര്യമല്ല ഇത്തവണ കേരളത്തില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് സംസ്ഥാനം 25 ശതമാനത്തോളം അധികമഴയില്‍ കുതിര്‍ന്നു നില്‍ക്കുമ്പോഴാണു 15ാം തീയതി കനത്ത മഴ എത്തിയത്. ഇതു സ്ഥിതി വഷളാക്കി. എന്നാല്‍ ഇത്തവണ സംസ്ഥാനത്ത് 14 ശതമാനം മഴ കുറവാണ്. അതിനാല്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ പ്രളയം ആവര്‍ത്തിക്കാന്‍ സാധ്യത കുറവാണെന്നും മഹാപത്ര കൂട്ടിച്ചേര്‍ത്തു.
















