ആലപ്പുഴ: മഴ കുറഞ്ഞെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിച്ചതോടെ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു. ഇടറോഡുകളില്‍ ഒരടിയോളം വെള്ളംപൊങ്ങി. അപ്പര്‍കുട്ടനാട് മേഖലകളായ തലവടി, ചക്കുളത്തുകാവ്, എടത്വാ പ്രദേശങ്ങളില്‍ ജലനിരപ്പ് ഗണ്യമായി ഉയരുന്നത് ജനങ്ങളെ ഭീതിയിലാക്കി. ഇപ്പോള്‍ നെല്‍കൃഷിയുളള പാടശേഖരങ്ങളോടു ചേര്‍ന്നുള്ള വീടുകളിലൊഴികെ വെള്ളം കയറിത്തുടങ്ങി.
കടകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. പലരും വാഹനങ്ങള്‍ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറി. ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ പൂവം, പള്ളിക്കുട്ടുമ്മയ്ക്കും ഒന്നാംകരയ്ക്കും ഇടയില്‍, മങ്കൊമ്പ്, മാമ്പുഴക്കരി തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിലാണ്. കിടങ്ങറ-ചക്കുളത്തുകാവ് റോഡില്‍ പലയിടത്തും വെള്ളത്തിലാണ്. ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തി.
പുലര്‍ച്ചെ ഏസി റോഡില്‍ പൂപ്പള്ളി ജങ്ഷനില്‍ വന്‍ മരം ഒടിഞ്ഞുവീണ് ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ആലപ്പുഴയില്‍ നിന്നെത്തിയ അഗ്നിസുരക്ഷാ സംഘമാണ് ഏറെ പണിപ്പെട്ട് ഗതാഗതം പുനഃസ്ഥാപിച്ചത്. മങ്കൊമ്പിലും ആലപ്പുഴ-ചങ്ങനാശേരി റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. കാറ്റിലും മഴയിലും തലവടി, എടത്വ, കാവാലം പഞ്ചായത്ത് പ്രദേശങ്ങളില്‍ വ്യാപകനാശമാണുണ്ടായത്. ചക്കുളത്ത്ക്കാവ് ക്ഷേത്രത്തിലും, നിരവധി വീടുകളിലും വെള്ളംകയറി.
തീരദേശപാതയില്‍ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം രാവിലെ വരെ നിര്‍ത്തിവച്ചു. ദീര്‍ഘദൂര ട്രെയിനുകള്‍ കോട്ടയം വഴിയാണ് സര്‍വീസ് നടത്തിയത്. പാത സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണു നടപടി. ആലപ്പുഴയ്ക്ക് സമീപം മാളികമുക്ക് മുതലപ്പൊഴിയില്‍ ഇന്നലെ പുലര്‍ച്ചെ ട്രാക്കില്‍ മരം വീണ് വൈദ്യുതിലൈന്‍ തകര്‍ന്നതാണ് ഗതാഗതം മുടങ്ങാന്‍ കാരണം, കഴിഞ്ഞ ദിവസം ചേര്‍ത്തല പട്ടണക്കാടിന് സമീപവും മരം വീണ് വൈദ്യുതിലൈന്‍ തകരാറിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: