പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. അഞ്ച് ഷട്ടറുകളാണു തുറന്നത്. മഴമൂലം ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ പമ്പ നദിയുടെയും കക്കാട് ആറിന്റേയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് കനത്തമഴ തുടരുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍ക്കെതിരെ കെഎസ്ഇബിയും രംഗതെത്തിയിട്ടുണ്ട്. ഇടുക്കി ഉള്‍പ്പെടെയുള്ള വന്‍കിട ഡാമുകള്‍ തുറന്നുവിട്ടു എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാപകമായി വ്യാജ പ്രചാരണത്തിനെതിരെയാണ് കെഎസ്ഇബി രംഗത്തുവന്നത്.
ഇടുക്കി, പമ്പ, കക്കി, ഷോളയാര്‍, ഇടമലയാര്‍, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വന്‍കിട ഡാമുകളിലെല്ലാം കൂടി നിലവില്‍ 30 ശതമാനത്തില്‍ താഴെയെ വെള്ളമുള്ളൂവെന്ന് കെഎസ്ഇബി അറിയിച്ചു. ഇടുക്കിയില്‍ വെറും 30 ശതമാനം മാത്രമാണ് ഇന്നത്തെ ജലനിരപ്പ്. ഈ ഡാമുകള്‍ എല്ലാം തുറന്നു വിട്ടു എന്ന നിലയില്‍ വ്യാജ പ്രചാരണം നടക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ചില ചെറുകിട ഡാമുകള്‍ മാത്രമാണ് തുറന്നു വിടേണ്ടി വന്നിട്ടുള്ളത്. മൊത്തത്തില്‍ ഡാമുകള്‍ തുറന്നു വിട്ടു എന്ന രീതിയില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന് കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിച്ചു.
















