തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി പിണരായി വിജയന്‍. അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കുറ്റ്യാടി, പെരിങ്ങല്‍കൂത്ത് അണക്കെട്ടുകള്‍ തുറന്നു. ബാണാസുരസാഗര്‍ ഉടന്‍ തുറന്നേക്കുമെന്നും അറിയിച്ചു. ഡാമുകള്‍ തുറന്നാല്‍ മുന്നറിയിപ്പിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കനാല്‍ തകര്‍ന്നതിനാല്‍ ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ വെള്ളമെത്താന്‍ സാധ്യത. വെള്ളപ്പൊക്കം കാരണം വാട്ടര്‍ അതോറിറ്റിയുടെ 58 ജലവിതരണപദ്ധതികള്‍ തടസ്സപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനും ഭക്ഷണം ഉള്‍പ്പെടെയുള്ളവ എത്തിക്കുന്നതിനും സൈന്യത്തെ സമീപിച്ചു. അപകട സാധ്യതയുള്ള സ്ഥലത്തു നിന്ന് ആളുകള്‍ എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്നും മലയോര മേഖലയില്‍ വിനോദ സഞ്ചാരം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.
മഴ കുറഞ്ഞ ശേഷം വ്യാഴാഴ്ചയോടെ വീണ്ടും ശക്തിപ്പെടും. മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ തുടരും. വയനാട്ടിലെ മേപ്പാടിയിലാണ് ഏറ്റവും വലിയ ദുരന്തം. മേപ്പാടിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനുള്ള യന്ത്രോപകരണങ്ങള്‍ക്ക് ക്ഷാമമുണ്ട്. പുത്തുമലയുടെ അപ്പുറമുള്ളവര്‍ ഒറ്റപ്പെട്ടു. അവരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിവരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രളയബാധിത ജില്ലകളില്‍ മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ വകുപ്പുകള്‍ക്കും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ദേശം നല്‍കി. മേപ്പാടി അടക്കമുള്ള ഇടത്തേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
















