ആലപ്പുഴ: പാത സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം നാളെ രാവിലെ വരെ നിര്‍ത്തിവച്ചു. ദീര്‍ഘദൂരട്രെയിനുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തും. ആലപ്പുഴയ്‌ക്കും ചേര്‍ത്തലയ്‌ക്കും ഇടയില്‍ ട്രാക്കില്‍ മരം വീണു ട്രെയിന്‍ ഗതാഗതം ഇന്ന് രാവിലെ തടസ്സപ്പെട്ടു.
ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി, ബംഗളുരു- കൊച്ചുവേളി എന്നീ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ച് വിട്ടു. ഏറനാട് എക്‌സ്പ്രസ് കോട്ടയം വഴിയാണ് സര്‍വീസ്. എറണാകുളം- ആലപ്പുഴ പാസഞ്ചറും ആലപ്പുഴ-എറണാകുളം പാസഞ്ചറും സര്‍വീസ് നടത്തില്ല. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ഈരാറ്റുപേട്ട അടുക്കത്ത് ഉരുള്‍പൊട്ടി. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നു. പാലായില്‍ ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് വെള്ളിയാഴ്ചയും കനത്ത മഴ തുടരുകയാണ്. പ്രധാന പട്ടണങ്ങളിലെല്ലാം വെള്ളം കയറി. ഒന്‍പതു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്രമഴയ്‌ക്കു സാധ്യത. നാളെ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. ചാലക്കുടിയില്‍ വെള്ളപ്പൊക്ക സാധ്യത നിര്‍ദേശം നല്‍കി. ഭാരതപ്പുഴ കരകവിഞ്ഞ് പട്ടാമ്പി മുതല്‍ തൃത്താല വരെയുള്ള പ്രദേശങ്ങളില്‍ വെള്ളം കയറി.
മഴയില്‍ സംസ്ഥാനത്തു മരിച്ചവരുടെ എണ്ണം 22 ആയി. ഇന്ന് 12 പേരാണു മരിച്ചത്. വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയില്‍ ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് 4 മൃതദേഹങ്ങള്‍ കണ്ടെടുത്തു.മഴ കുറഞ്ഞെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിച്ചതോടെ ആലപ്പുഴ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു. തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷനില്‍ നിന്ന് 3 കോളം സൈനികരെ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളില്‍ വിന്യസിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നെഹ്‌റു ട്രോഫി ജലോത്സവം മാറ്റിവച്ചു.
















