തിരുവനന്തപുരം : കേരളത്തില്‍ മഴ ശക്തമാണെങ്കിലും വലിയ ഡാമുകളൊന്നും തുറന്നു വിടേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ചെറുഡാമുകള്‍ തുറന്നു വിടേണ്ട സാഹചര്യം മാത്രമാണ് ഇപ്പോള്‍ ഉള്ളത്. എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും എം.എം. മണി അറിയിച്ചു.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായി ഉച്ചയ്‌ക്ക് വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പെരിയാര്‍, വളപട്ടണം, കുതിരപ്പുഴ, കുറുമന്‍പുഴ തുടങ്ങിയ പുഴകളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികള്‍ കര കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും ഈ ജില്ലകളില്‍ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ നദിക്കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിട്ടിയുടെ നിര്‍ദ്ദേശം.
ഏത് പ്രതിസന്ധിയേയും നേരിടാനുള്ള മുന്‍കരുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണ്. എല്ലാ ജില്ലകളിലേക്കും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയുടെ ചുമതല നല്‍കിയിട്ടുള്ളത് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിനാണ്. ദുരിത ബാധിത പ്രദേശങ്ങളില്‍ തമ്പടിച്ച് മന്ത്രി മേല്‍നോട്ടം നടത്തിവരികയാണ്. ശസ്ത്രക്രിയയ്‌ക്കുശേഷം ഡോക്ടര്‍മാര്‍ വിശ്രമം വേണമെന്ന് പറഞ്ഞതിനാല്‍ തനിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
















