തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഇതുവരെ 20 പേര്‍ മരിച്ചു. ഇന്ന് മാത്രമായി 10 പേര്‍ മരിച്ചു. വടകര വിലങ്ങാട് ഉരുള്‍പൊട്ടലില്‍ നാലുപേരെയും കുറ്റിയാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെയും കാണാതായിട്ടുണ്ട്. വിലങ്ങാട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. വിലങ്ങാട് മൂന്നുവീടുകള്‍ മണ്ണിനടിയിലായി. ഇതിനിടെ കേന്ദ്ര ജല കമ്മിഷന്‍ കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്.
മലപ്പുറം എടവണ്ണ ഒതായില്‍ വെള്ളിയാഴ്ച രാവിലെ വീടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. അച്ഛനും അമ്മയും രണ്ടുമക്കളുമാണ് മരിച്ചത്. കുട്ടശേരി ഉനൈസ്, നുസ്രത്ത്, സന, ശനില്‍ എന്നിവരാണ് മരിച്ചത്. കൂടാതെ കോഴിക്കോട് കുറ്റിയാടി വളയന്നൂരില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മാക്കൂല്‍ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. വടകര വിലങ്ങാട് മലയോരത്ത് ഉരുള്‍പൊട്ടലില്‍ മൂന്നുപേരെ കാണാതായി.
ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ പുത്തുമലയില്‍ ഒരു മൃതദേഹം കണ്ടെത്തി. 50ല്‍ കൂടുതല്‍ ആളുകള്‍ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കള്ളാടി മേഖല വരെ മാത്രമാണ് ഇപ്പോഴും പോകാന്‍ കഴിയുന്നത്. എംഎല്‍എയും സബ്കളക്ടറും ഉള്‍പ്പടെയുള്ളവര്‍ കള്ളാടിയിലുണ്ട്. കഴിഞ്ഞ ദിവസം ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി താമസിപ്പിച്ചവരെ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.
മിക്ക ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടിയിലാണ്. നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ചവരെ കാലവര്‍ഷം അതിശക്തമായി തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു.
















