നെടുമ്പാശേരി: കനത്ത മഴയെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം മറ്റന്നാള്‍ വരെ അടച്ചിടുമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. നേരത്തെ ഇന്ന് രാവിലെ ഒമ്പത് മണി വരെ വിമാനത്താവളം അടച്ചിടുമെന്നായിരുന്നു അദ്യ അറിയിപ്പെങ്കിലും മഴയ്‌ക്ക് ശമനമില്ലാത്തതിനാലും റണ്‍വേയില്‍ അടക്കം പ്രശ്‌നങ്ങള്‍ ഉള്ളതിനാലും ഞായറാഴ്ച വരെ നീട്ടുകയായിരുന്നു.
മഴ മാറിയാല്‍ ഞായറാഴ്ച വൈകിട്ട് മൂന്നിനേ തുറക്കുകയുള്ളുവെന്നും സിയാല്‍ അറിയിച്ചു. അതുവരെ കൊച്ചിയിലേക്ക് വരുന്ന വിമാനങ്ങള്‍ വഴിതിരിച്ച് വിടാനാണ് തീരുമാനം. വിമാനത്താവളത്തിന്റെ പുറക് വശത്തെ ചെങ്കല്‍ചോട്ടില്‍ ജലവിതാനം ഉയര്‍ന്നതാണ് വിമാനത്താവളം അടച്ചിടാനുള്ള പ്രധാനകാരണങ്ങളിലൊന്ന്. ചെങ്കല്‍ചോട്ടില്‍ ജലവിതാനം ഉയരുകയും വിമാനത്താവളത്തിലേക്ക് വെള്ളം കയറുകയും ചെയ്ത സാഹചര്യത്തിലാണ് വിമാനത്താവളം അടച്ചിടാന്‍ സിയാല്‍ തീരുമാനിച്ചത്.
റണ്‍വേയിലേക്ക് അടക്കം രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ വെള്ളം കയറി. കഴിഞ്ഞ പ്രളയത്തില്‍ റണ്‍വേയിലടക്കം വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടിരുന്നു. അതേസമയം, വിമാനത്താവളം താല്‍കാലികമായി അടക്കുകയും വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയു? ചെയ്യുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍ എത്തുന്നതിനും അവിടങ്ങളില്‍ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനും കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്താന്‍ ഗതാഗത വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
















