ഭരണഘടനയുടെ 370-ാം വകുപ്പ് താത്ക്കാലികവും മാറ്റപ്പെടാവുന്നതുമാണെന്ന ശീര്‍ഷകത്തോടുകൂടിയാണ് അംഗീകരിച്ചിട്ടുള്ളത്. അതിന്റെ ഫലമായ കെടുതികള്‍ തുടക്കം മുതല്‍ ഉണ്ടായെങ്കിലും കഴിഞ്ഞ 70 വര്‍ഷമായി അത് മാറ്റപ്പെടാതെ കിടക്കുകയായിരുന്നു. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക അധ്യക്ഷന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി പ്രഥമ പാര്‍ലമെന്റിലെ മുഖ്യപ്രതിപക്ഷ മുന്നണിയുടെ നേതാവായിരുന്നിട്ടും ഈ നിയമത്തിനാല്‍ ബലിയാടാക്കപ്പെട്ടു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രിയസുഹൃത്ത് ഷേക്ക് അബ്ദുള്ളയായിരുന്നു കശ്മീരിന്റെ പ്രഥമ മുഖ്യമന്ത്രി. പ്രധാനമന്ത്രി കഴിഞ്ഞാല്‍ അടുത്ത സ്ഥാനമുള്ള പ്രതിപക്ഷനേതാവായ മുഖര്‍ജി ജമ്മുകശ്മീരില്‍ പ്രവേശിച്ചപ്പോള്‍ കൈവിലങ്ങ് അണിയിച്ചാണ് ഷേക്ക് അബ്ദുള്ള സ്വീകരിച്ചത്. ഒരു വിചാരണപോലും കൂടാതെ 42 ദിവസം അദ്ദേഹത്തിന് ഏകാന്ത തടവില്‍ കഴിയേണ്ടിവന്നു. 1983 ജൂണ്‍ 23ന് തടവില്‍ കിടന്ന അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചുവെന്ന വാര്‍ത്തയാണ് പുറംലോകം അറിഞ്ഞത്. ഇതാണ് രാജ്യം അനുഭവിച്ച ആദ്യ ദുരന്തം.
പിന്നെയും ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതില്‍ ഏറ്റവും വലുതായിരുന്നു 2 ലക്ഷത്തോളം വരുന്ന കശ്മീരി പണ്ഡിറ്റുകള്‍ നൂറ്റാണ്ടുകളായി ജനിച്ചുജീവിച്ച മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടത്. ഉത്തരഭാരതത്തിലെ പല നഗരപ്രാന്തങ്ങളിലായി അഭയംപ്രാപിച്ച് അനാഥാവസ്ഥയില്‍ അവര്‍ക്ക് കഴിയേണ്ടിവന്നു. മനുഷ്യാവകാശ വാദികള്‍ എന്നും പൗരസ്വാതന്ത്ര്യ പ്രേമികള്‍ എന്നും നടിച്ചിരുന്ന സ്വയം പ്രഖ്യാപിത ബുദ്ധിജീവികള്‍ ഇതൊന്നും കാണാതെ കണ്ണടച്ചിരുന്നു. ആ പാവം പണ്ഡിറ്റുകളുടെ ദുരിതം കാണാനോ പരിഹരിക്കാനോ ഐക്യരാഷ്ട്ര സഭയ്ക്കുപോലും കഴിഞ്ഞില്ല. ഇങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ നടന്നുവെങ്കിലും അതിനൊരു അറുതിവരുത്താന്‍ നരേന്ദ്രമോദി സര്‍ക്കാരിന് മാത്രമെ കഴിഞ്ഞുള്ളു. ഈ ദുരിതത്തിനെല്ലാം കാരണഭൂതരായ കോണ്‍ഗ്രസുകാര്‍ ചോദിക്കുകയാണ് 370-ാം വകുപ്പ് കൊണ്ട് എന്താണ് കുഴപ്പമെന്ന്. ബുദ്ധിയും കണ്ണും കാതും നഷ്ടപ്പെട്ട കോണ്‍ഗ്രസിനും അവരോടൊപ്പം നില്ക്കുന്ന ഇടതുപക്ഷത്തിനും കശ്മീരില്‍ നടന്നതൊന്നും ഇതുവരെ കണ്ടില്ലെങ്കില്‍ മഹാകഷ്ടം എന്നുമാത്രമെ പറയാനുള്ളു.
1947 ഒക്ടോബറിലാണ് ജമ്മുകശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചത്. 500ല്‍പരം നാട്ടുരാജ്യങ്ങള്‍ എങ്ങനെ ലയിച്ചോ അതേ മാനദണ്ഡപ്രകാരം തന്നെയാണ് കശ്മീരും ലയിച്ചത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും കൊടുത്തത് ഷേക്ക് അബ്ദുള്ളയും പണ്ഡിറ്റ് നെഹ്റുവും തമ്മിലുള്ള വ്യക്തിബന്ധം കൊണ്ടായിരുന്നു. എന്നാല്‍ ജനങ്ങള്‍ അങ്ങനെ ഒരാവശ്യവും ഉന്നയിച്ചിരുന്നില്ല. ഭാരതം അങ്ങനെ ഒരുറപ്പും കൊടുത്തിരുന്നുമില്ല. ഷേക്ക് അബ്ദുള്ള എന്ന വ്യക്തിയെ ജനങ്ങളുടെ അനിഷേധ്യനേതാവായി അവതരിപ്പിച്ചത് അന്നത്തെ ചില മാധ്യമങ്ങളാണ്. ഇംഗ്ലീഷുകാരുടെയും മാധ്യമങ്ങളുടെയും ആവശ്യമായിരുന്നു അത്. തക്കതായ പ്രതിഫലം വാങ്ങിയിട്ടാണ് ഈ പ്രചരണം അവര്‍ നടത്തിയത്. ഇതിന്റെ എല്ലാം ഫലമായി ഭാരതത്തില്‍ ലയിച്ചിട്ടും കശ്മീരിനെ സ്വതന്ത്ര രാജ്യമായി മാറ്റിനിര്‍ത്തുകയായിരുന്നു.
കശ്മീരി പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഭാരതപാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ക്ക് കശ്മിരില്‍ പ്രാബല്യമുണ്ടായിരുന്നില്ല. പാക്കിസ്ഥാനില്‍നിന്ന് പണവും പരിശീലനവും കൊടുത്തയയ്ക്കുന്ന ഭീകരന്മാര് ഭാരതസൈനികരെയും പോലീസിനെയും കല്ലെറിഞ്ഞ് ഓടിക്കുന്നത് ചാനലില്‍ നമുക്ക് കാണാമായിരുന്നു.
1953 മുതല്‍ കേരളത്തില്‍ 370 വകുപ്പിനെതിരെ കേരളത്തില്‍ ജനസംഘത്തിന്റെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. എല്ലാ വര്‍ഷവും കശ്മീര്‍ദിനവും ആചരിച്ചു. കേരളത്തില്‍നിന്ന് കശ്മീരിലെ ദോഡയിലേക്ക് സമരത്തിനുപോയ കോഴിക്കോടുനിന്നുള്ള പ്രവര്‍ത്തകര്‍ ജയിലിലടയ്ക്കപ്പെട്ടു. ജമ്മുവില്‍ വച്ച് കേരളത്തില്‍നിന്നുള്ള കെ. രാമന്‍പിള്ള ഉള്‍പ്പെടെയുള്ള ജനസംഘം നേതാക്കള്‍ ജയിലിലടയ്ക്കപ്പെട്ടു. ഇനിയും സഹിക്കാനാവില്ല എന്ന ഘട്ടത്തിലാണ് കശ്മീരിനെ കേന്ദ്രഭരണത്തിലാക്കുകയും കരിനിയമം എടുത്തുകളയുകയും ചെയ്തത്.
കഴിഞ്ഞ 71 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും അധികം പ്രശംസിക്കപ്പെടേണ്ട മഹത്തായ കാര്യമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഇതുകൊണ്ട് എല്ലാ പ്രശ്നവും പരിഹരിക്കപ്പെടുമോ എന്ന ചോദ്യം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഒരുകാര്യം ഉറപ്പാണ് ഈ നടപടികള്‍കൊണ്ട് ഒട്ടേറെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ഭാരതത്തിന്റെ ഭൂപരവും വൈകാരികവുമായ ഉദ്ഗ്രഥനത്തിന് ഏറ്റവും സഹായകരമായ നടപടിയാണിത്. ഒരുരാഷ്ട്രം ഒരുജനത ഒരുപതാക എന്ന ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ അവസാന നാളുകളിലെ മുദ്രാവാക്യം പ്രായോഗികമാക്കാന്‍ കഴിഞ്ഞതില്‍ മുഖര്‍ജിയുടെ പിന്മുറക്കാരായ ഇന്നത്തെ കേന്ദ്രഭരണനേതൃത്വത്തിന് അഭിമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: