ലഹോര്‍: ഇന്ത്യയുടെ മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വിയോഗത്തില്‍ കണ്ണീരോടെ പ്രതികരിച്ച് പാക്കിസ്ഥാന്‍ ജനതയും.പാക്കിസ്ഥാനില്‍ നിന്ന് ഒരു വയസുകാരിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ മുതല്‍ കരള്‍ മാറ്റ ശസ്ത്രക്രിയകള്‍ക്ക് വരെ സുഷമ വിസ അനുവദിച്ച് നല്‍കിയിരുന്നു. ദൈവം കഴിഞ്ഞാല്‍ പ്രതീക്ഷ നിങ്ങളായിരുന്നു- പാക്കിസ്ഥാന്‍കാര്‍ സുഷമയുടെ വിയോഗം അറിഞ്ഞപ്പോള്‍ മുതല്‍ ട്വീറ്റ് ചെയ്തു തുടങ്ങി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കപ്പെട്ട രാഷ്‌ട്രീയ വ്യക്തിത്വമെന്ന് അമേരിക്കന്‍ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ വാഴ്‌ത്തിയ രാഷ്‌ട്രീയക്കാരിയായിരുന്നു സുഷമ സ്വരാജ്. ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രമല്ല, അത്യാവശ്യ ഘട്ടങ്ങളില്‍ ഇന്ത്യന്‍ വിസ ആവശ്യമുള്ളപ്പോള്‍ പാക്കിസ്ഥാന്‍കാര്‍ക്ക് മുന്നിലും കാരുണ്യം ചൊരിഞ്ഞു കൊണ്ട് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ തന്റേതായ അടയാളം രേഖപ്പെടുത്തിയ ശേഷമാണ് സുഷമ വിടവാങ്ങുന്നത്. ബിജെപിയുടെ വനിതാ മുഖമായിരുന്ന സുഷമാസ്വരാജ്,സാധാരണക്കാര്‍ക്കിടയിലെ നേതാക്കളില്‍ പ്രമുഖയായിരുന്നു. 2014ലെ മോദി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരിക്കെ സുഷമയുടെ ഇടപെടലുകള്‍ അന്താരാഷ്‌ട്ര രംഗത്തും വന്‍ ചര്‍ച്ചയായിരുന്നു.
















