തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ മദ്യപിച്ചു കാറിടിച്ചു കൊന്ന ഐഎഎസുകാരന്‍ ശ്രീറാം വെങ്കട്ടരാമനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീറാം നന്നായി മദ്യപിച്ചിരുന്നെന്നും അമിത വേഗതയില്‍ കാറോടിച്ചാണ് അപകടമുണ്ടാക്കിയതെന്നും പൊതുസമൂഹത്തിന് വ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് തലത്തിലുള്ള ശ്രീറാമിന് നിയമവശങ്ങള്‍ എല്ലാം അറിയാം, അങ്ങനെ ഒരു വ്യക്തി ഇത്തരം ഒരു കുറ്റകൃത്യം ചെയ്താല്‍ അതിന്റെ ഗൗരവം ഏറുകയാണ്. മദ്യപിച്ചിട്ടല്ല വാഹനമോടിച്ചതെന്ന് അയാള്‍ മാത്രമാണ് പറയുന്നത്. എന്നാല്‍ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. ഇനി അയാള്‍ മദ്യപിച്ചില്ലെങ്കിലും അമിത വേഗതയില്‍ വാഹനമോടിക്കുന്നത് കുറ്റമാണെന്നു ബോധ്യമുള്ളയാളാണ് ശ്രീറാം. ശ്രീറാമിന്റെ രക്തം പരിശോധനയിലും എഫ്‌ഐആര്‍ അടക്കം കേസന്വേഷണത്തിലും വീഴ്ചകള്‍ ഉണ്ടായതിനാലാണ് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. അന്വേഷണത്തില്‍ ഒരു തരത്തിലും വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല. അത്തരം നീക്കമുണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകും. ശ്രീറാം രക്തത്തിലെ മദ്യത്തിന്റെ അളവ് കുറക്കാന്‍ മരുന്നുകള്‍ ഉപയോഗിച്ചോ എന്നതടക്കം അന്വേഷിക്കും. മരിച്ച ബഷീറിനിന്റെ കുടുംബത്തിന് വേണ്ട സഹായം ലഭ്യമാക്കും. ഇതിനുള്ള കാര്യങ്ങള്‍ പത്രപ്രവര്‍ത്തകരുടെ സംഘടനയുമായി ബന്ധപ്പെട്ട് ആലോചിക്കുമെന്നും മുഖ്യമന്ത്രി.
















