തിരുവനന്തപുരം : പിഎസ്‌സി കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ച പ്രണവിന് ഉത്തരങ്ങള്‍ മൊബൈലിലൂടെ നല്‍കിയത് പോലീസുകാരന്‍. പരീക്ഷയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് പിഎസ്‌സി വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണ്ണായക വഴിത്തിരിവ്. പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ഗോകുലാണ് പ്രണവിന് വാട്‌സ്ആപ്പ് വഴി ഉത്തരങ്ങള്‍ നല്‍കിയത്.
കല്ലറ സ്വദേശിയായ ഗോകുല്‍ പ്രണവിന്റെ സുഹൃത്താണ്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ പിഎസ്‌സി സര്‍ക്കാരിന് ശുപാര്‍ശ ചെയ്യും.
യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമകേസ് പ്രതിയായ ശിവരഞ്ജിത്തിന് പരീക്ഷാ തട്ടിപ്പിന് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കിയത് വിഎസ്എസ്‌സി ജീവനക്കാരനാണെന്നും കണ്ടെത്തിയിട്ടുണ്ട്. നെടുമങ്ങാട് വടക്കരിക്കകം സ്വദേശിയായ 26 കാരനാണ് സന്ദേശം അയച്ചത്. ഇയാളെക്കൂടാതെ മറ്റുരണ്ടുപേരെ കൂടി പ്രതികള്‍ ശട്ടംകെട്ടിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
















