തിരുവന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ പി.കെ.കുഞ്ഞനന്തന് ജയില്‍ വാസത്തിനിടെ ‘സുഖചികിത്സ’. ഇല്ലാത്ത അസുഖത്തിന്റെ പേരിലാണ് കുഞ്ഞനന്തന്‍ മെഡിക്കല്‍ കോളേജിലെ വിഐപി റൂമില്‍ കഴിയുന്നത്. 2019 ജനുവരി 14നാണ് കുഞ്ഞനന്തന്‍ ചികിത്സക്കായി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകുന്നത്. ജയിലില്‍ കഴിയുന്ന പ്രതികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക സെല്‍ വാര്‍ഡ് ഉണ്ടെങ്കിലും കുഞ്ഞനന്തനെ സര്‍ക്കാരിന്റെ ഇടപെടലിലൂടെ വിഐപി റൂമില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏസിയും ടിവിയും അടക്കമുള്ള സംവിധാനം ഈ റൂമില്‍ ഉണ്ട്. ക്രിമിനല്‍ പ്രതിയായിട്ടും റൂമില്‍ പോലീസിനെ പോലും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ല. ജനുവരിയില്‍ അഡ്മിറ്റായ കുഞ്ഞനന്തന്‍ ഇടയ്‌ക്ക് ജയിലിലേക്ക് പോയിരുന്നെങ്കിലും ഇടയ്‌ക്കിടെ ഈ റൂമിലേക്ക് തിരികെ വരാറുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ ജന്മഭൂമിയോട് പറഞ്ഞു. അസുഖമാണെന്ന് പറഞ്ഞ് അഡ്മിറ്റാകുന്ന കുഞ്ഞനന്തന്‍ ചികിത്സ തേടാറില്ല. വിഐപി റൂമില്‍ സ്ഥിരമായി പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ എത്താറുണ്ടെന്നും മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ പറയുന്നു.
കൊലക്കേസിലെ പ്രതിയായ ക്രിമിനലിന് വേണ്ടി പിണറായി സര്‍ക്കാരിന്റെ കാലത്ത് 20 മാസത്തിനുള്ളില്‍ 15 തവണയായി പരോള്‍ അനുവദിച്ചത് 193 ദിവസമായിരുന്നു. സര്‍ക്കാര്‍ വന്ന 2016 മേയ് മുതല്‍ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും പരോള്‍ ലഭിച്ചിട്ടുണ്ടെന്നുള്ള രേഖകള്‍ പുറത്തുവന്നിരുന്നു. കണ്ണൂരിലെ പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ 2014 ജനുവരിയിലാണു ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ജയില്‍വാസക്കാലത്തു നടന്ന രണ്ടു സിപിഎം സമ്മേളനങ്ങളിലും ഏരിയ കമ്മിറ്റിയില്‍ നിലനിര്‍ത്തി. 2018ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു പരോളിലെത്തി ഏരിയ സമ്മേളനത്തില്‍ പങ്കെടുത്തതും വിവാദമായിരുന്നു.
2017ല്‍ 98 ദിവസവും കുഞ്ഞനന്തന്‍ ജയിലിന് പുറത്തായിരുന്നു. 2016 മേയില്‍ പിണറായി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ ഇടതു സര്‍ക്കാര്‍ ജൂണിലും ഓഗസ്റ്റിലും മൂന്നു തവണയായി കുഞ്ഞനന്തനു 38 ദിവസമാണു പരോള്‍ നല്‍കിയത്. 2016ല്‍ മാത്രം പരോള്‍ ലഭിച്ചത് 79 ദിവസം. 2017ല്‍ ഇതു 98 ദിവസമായി. ഏഴുതവണ സാധാരണ അവധിയും എട്ടുതവണ അടിയന്തര അവധിയുമാണ് അനുവദിച്ചത്. ഭാര്യയുടെ ചികില്‍സ, കുടുംബത്തോടൊപ്പം കഴിയാന്‍ എന്നീ രണ്ടു കാരണങ്ങള്‍ മാറിമാറി ചൂണ്ടിക്കാട്ടിയാണു 193 ദിവസത്തെ പരോള്‍ നല്‍കിയത്.
കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതി രംഗത്ത് വന്നിരുന്നു. അസുഖം ഉണ്ടെങ്കില്‍ പരോള്‍ നല്‍കുകയല്ല, ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ചികിത്സയുടെ പേരില്‍ പരോള്‍ വാങ്ങി കുഞ്ഞനന്തന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയാണെന്ന കെ.കെ.രമയുടെ ഹര്‍ജിയിലാണ് കോടതി ഇത്തരത്തിലൊരു വിമര്‍ശനം നടത്തിയത്. ഇതിന് പിന്നാലെയാണ് കുഞ്ഞനന്തന്‍ മെഡിക്കല്‍ കോളേജിലെ വിഐപി സ്യൂട്ട് റൂമില്‍ ഇല്ലാത്ത രോഗത്തിനായി ‘സുഖചികിത്സയ്‌ക്ക്’ കയറിയത്. മെഡിക്കല്‍ കോളേജിലെ സിപിഎം അനുകൂലികളായ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മാത്രമാണ് ഈ സ്യൂട്ട് റൂമിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
















