തിരുവനന്തപുരം : മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ അകാല വിയോഗം ഇന്ത്യന്‍ രാഷ്‌ട്രീയത്തിന് ഒരു തീരാ നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങള്‍ എക്കാലവും ജനങ്ങള്‍ സ്മരിക്കുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഐഎസ് ഭീകരാക്രമണത്തിനിടെ ഇറാഖില്‍ കുടുങ്ങിയ മലയാളി നേഴ്‌സുമാരെ കൊണ്ടുവരാന്‍ കേരളം സഹായമഭ്യര്‍ത്ഥിച്ചപ്പോള്‍ അവര്‍ കാണിച്ച ആത്മാര്‍ത്ഥത ഇന്നും ഓര്‍ക്കുന്നതാണ്. നേഴ്‌സുമാരെ സുരക്ഷിതമായി കേരളത്തില്‍ എത്തിക്കുന്നതിനായി അവരെടുത്ത പ്രയത്‌നം താന്‍ നേരിട്ട് കണ്ട് മനസ്സിലാക്കിയതാണ്.
പൊതു പ്രവര്‍ത്തക എന്ന നിലയില്‍ കക്ഷി രാഷ്‌ട്രീയതിന് അതീതമായി ജനങ്ങളെ കാണാനും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹാരം ഉണ്ടാക്കാനും അവര്‍ എന്നും ശ്രമിച്ചിട്ടുണ്ട്. ജനങ്ങള്‍ എന്നും ഇത് ഹൃദയത്തില്‍ സൂക്ഷിച്ച് ഒര്‍മ്മിക്കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയിലാണ് സുഷമ സ്വരാജ് മരിക്കുന്നത്. 2016ല്‍ വൃക്കമാറ്റല്‍ ശസ്ത്രക്രിയയ്‌ക്ക് അവര്‍ വിധേയയായിരുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം സുഷമ വിട്ടുനില്‍ക്കുകയായിരുന്നു.
















